നെടുമ്പാശേരി: വിദേശത്ത് നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്നും മടങ്ങാൻ ആവശ്യത്തിന് ടാക്സി വാഹനങ്ങൾ ലഭ്യമല്ലെന്ന് ആക്ഷേപം. ചിലപ്പോഴെല്ലാം മണിക്കൂറുകളോളം വാഹനത്തിനായി കാത്തിരിക്കേണ്ടി അവസ്ഥയാണ്. 600 ഓളം ടാക്‌സി കാറുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. എന്നാൽ കൂടുതൽ വിമാനങ്ങൾ അടുത്തടുത്ത സമയങ്ങളിൽ എത്തുന്നതോടെ ഈ സൗകര്യം തീർത്തും അപര്യാപ്തമാണെന്നാണ് പരാതി.

വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന പ്രീപെയ്ഡ് ടാക്‌സികളിൽ ഡ്രൈവറുടെ ഭാഗത്ത് പ്രത്യേക ക്യാബിൻ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാനാണ് ഇത്. യൂബർ ഉൾപ്പെടെയുള്ള മറ്റ് ടാക്‌സി വാഹനങ്ങൾക്ക് വിമാനത്താവളത്തിൽ നിലവിൽ സർവീസ് നടത്താൻ അനുമതിയില്ല. യാത്രക്കാരെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോകാൻ തടസ്സമില്ലെങ്കിലും സുരക്ഷാ കാരണങ്ങളാൽ കാര്യമായി ആരും അതിന് തയ്യാറാകുന്നില്ല. മാത്രമല്ല സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സമ്പർക്ക സാധ്യത കണക്കിലെടുത്ത് പ്രവാസികളെ വീട്ടിലോ നിരീക്ഷണ കേന്ദ്രത്തിലോ എത്തിക്കുന്ന ഡ്രൈവറും രണ്ടാഴ്ച്ച നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലെ ടാക്‌സി സർവീസിനെയാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്.

ശരാശരി 200 മുതൽ 350 വരെ യാത്രക്കാർ വിദേശങ്ങളിൽ നിന്നും എത്തുന്ന ഓരോ വിമാനങ്ങളിലും നാട്ടിലെത്തുന്നുണ്ട്. നിരീക്ഷണത്തിന് വീടുകൾ മതിയെന്ന മാനദണ്ഡം നടപ്പാക്കിയതോടെ പല യാത്രക്കാരെയും കൊണ്ട് ടാക്‌സികൾക്ക് ദൂരെ സ്ഥലങ്ങളിലേക്ക് പോകേണ്ടി വരും. ഈ ടാക്‌സികൾ മടങ്ങിയെത്തിയിട്ട് വേണം മറ്റുള്ളവർക്ക് യാത്രയാകാൻ. പലപ്പോഴും രാത്രിയിലാണ് കൂടുതൽ വിമാനങ്ങളും എത്തുന്നത് എന്നുള്ളത്‌കൊണ്ട് വാഹനം കാത്തിരിക്കുന്നത് മൂലം ഏറെ കഷ്ടപ്പെടുകയാണ് മടങ്ങിയെത്തുന്ന പ്രവാസികൾ.