കൊച്ചി: പഴയകെട്ടിടം തറസഹിതം ഉയർത്തി സ്ഥാപിക്കുമ്പോഴുണ്ടായ തകരാറിന് മുപ്പതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. പരാതിക്കാരനുണ്ടായ മാനസികവിഷമങ്ങൾക്ക് പത്തുലക്ഷവും കോടതിച്ചെലവിന് 25,000 രൂപയും നൽകണം. നഷ്ടപരിഹാരത്തിനും മാനസിക വിഷമത്തിനുമുള്ള തുകയ്ക്ക് 2015 ഒക്ടോബർ മുതൽ 12 ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിൽ നിർദേശിച്ചു.
മരട് കുരിശിങ്കൽ വീട്ടിൽ കെ.ജെ. തോമസ് നൽകിയ പരാതിയിലാണ് ഉത്തരവ്. ഹരിയാനയിലെ ആർ.കെ.ബി.എൽ.ഡബ്ളിയു കോൺട്രാക്ടേഴ്സ്, കൊച്ചിയിലെ ഇ.ഡി.എസ്.എസ് എൻജിനീയറിംഗ് എന്നിവരാണ് നഷ്ടപരിഹാരം നൽകേണ്ടത്.
പരാതിക്കാരന്റെ മരടിലെ വീട് റോഡ് നിരപ്പിലേക്ക് ഉയർത്താൻ കരാർ നൽകിയിരുന്നു. പണി പൂർത്തിയായപ്പോൾ വീടിന് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ പിൻഭാഗം ചരിയുകയും ചെയ്തു. ഇതിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.