കൊച്ചി: കേരളത്തിന്റെ നിർമ്മാണമേഖലയിൽ പുതു ചിരിത്രം കുറിച്ച ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി) കേരളം വിടുന്നു. കൊച്ചി മെട്രോ നിർമ്മാണം പൂർത്തിയാക്കിയതോടെയാണ് രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിക്കുന്നത്. മലയാളിയായ മെട്രോമാൻ ഇ. ശ്രീധരൻ ജന്മനാടിന് നൽകിയ സ്നേഹോപകാരമായിരുന്നു ഡി.എം.ആർ.സിയുടെ കേരളത്തിലേക്കുള്ള വരവ്. സെപ്തംബറോടെ കൊച്ചിയിലെ ഓഫീസ് പൂട്ടും. സ്ഥിരം ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. കരാർ ജീവനക്കാർ പിരിഞ്ഞു.
ആലുവ മുതൽ പേട്ട വരെ 25.253 കിലോമീറ്റർ മെട്രോ നിർമ്മിച്ച് കൈമാറുന്ന കരാറാണ് ഡി.എം.ആർ.സി ഏറ്റെടുത്തത്. ലോക്ക് ഡൗൺ തുടരുന്നതിനിടെ പേട്ട വരെ നിർമ്മാണം പൂർത്തിയാക്കി. 29 ന് മെട്രോ റെയിൽ ചീഫ് സേഫ്റ്റി കമ്മിഷണർ വാണിജ്യാടിസ്ഥാനത്തിൽ ട്രെയിൻ ഓടിക്കാൻ അനുമതി നൽകി.
മെട്രോ പിന്നിട്ട വഴികൾ
2001 ജൂൺ : കൊച്ചിക്ക് അനുയോജ്യം മെട്രോയാണെന്ന് ഇ. ശ്രീധരൻ സർക്കാരിനെ അറിയിച്ചു
2004 ഡിസംബർ 28 : വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ ഡി.എം.ആർ.സിയെ നിയോഗിച്ചു
2005 ജൂലായ് 23 : പദ്ധതി റിപ്പോർട്ട് ഡി.എം.ആർ.സി സർക്കാരിന് സമർപ്പിച്ചു
2005 ഒക്ടോബർ 19 : പദ്ധതി കൺസൾട്ടന്റായി ഡി.എം.ആർ.സിയെ നിയോഗിച്ചു
2012 ഒക്ടോബർ 17 : നിർമ്മാണച്ചുമതല ഡി.എം.ആർ.സി ഏറ്റെടുത്തു.
2020 മേയ് 29 : ആലുവ -പേട്ട പാതയുടെ നിർമ്മാണം പൂർത്തിയായി.
മറ്റു ദൗത്യങ്ങൾ
ഇടപ്പള്ളി ജംഗ്ഷനിലെ ഫ്ളൈ ഓവർ നിർമ്മാണവും ഡി.എം.ആർ.സിയാണ് ഏറ്റെടുത്ത് നിർവഹിച്ചത്. തിരക്കേറിയ നാൽക്കവലയിൽ യാത്രക്ക് തടസം സൃഷ്ടിക്കാതെ ഫ്ളൈ ഓവറും മെട്രോ പാതയും പൂർത്തിയാക്കി.
പാലാരിവട്ടത്തെ വിവാദമായ ഫ്ളൈ ഓവറിന്റെ ബലക്ഷയം പരിഹരിക്കാൻ സർക്കാർ നിയോഗിച്ചിരുന്നു. കോഴിക്കോട്ടെ ഉൗരാളുങ്കൽ സൊസൈറ്റിക്ക് ഡി.എം.ആർ.സി കരാറും നൽകി.
ഫ്ളൈ ഓവറിന്റെ ബലം പഠിക്കാൻ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഇതോടെ നവീകരണത്തിൽ നിന്ന് ഡി.എം.ആർ.സി പിന്മാറി.
തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാൻ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയുടെ കൺസൾട്ടന്റുമാർ ഡി.എം.ആർ.സിയായിരുന്നു. വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കി നൽകി. തുടർനടപടികൾ നീണ്ടതോടെ പദ്ധതിയിൽ നിന്ന് പിന്മാറി.
ഹൈസ്പീഡ് റെയിൽ
ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് പഠനം നടത്തി 2013 ൽ റിപ്പോർട്ട് തയ്യാറാക്കി. വൻ ചെലവ് മൂലം സർക്കാർ പിന്മാറി.
വൈകിയതിൽ വേദന
'സന്തോഷമുണ്ട്. കൊച്ചി മെട്രോ കുറെക്കൂടി മുൻപേ തീർക്കേണ്ടതായിരുന്നു. വൈകിയതിലേ വിഷമമുള്ളു. എല്ലാവരിൽ നിന്നും സഹകരണം ലഭിച്ചു. ഞങ്ങളുടെ ചുമതല കഴിഞ്ഞു. ഇനി ഒന്നും ഏറ്റെടുക്കുന്നില്ല"
-ഇ. ശ്രീധരൻ
മുഖ്യ ഉപദേഷ്ടാവ്