കൊച്ചി : മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിന്റെ അന്വേഷണത്തിന് വിജിലൻസിന്റെ പക്കലുള്ള രേഖകൾ ഇതുവരെ കൈമാറിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ അറിയിച്ചു.
നോട്ട് നിരോധനസമയത്ത് ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് കള്ളപ്പണം വെളുപ്പിച്ചതെന്നും പാലാരിവട്ടം ഫ്ളൈഒാവർ നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ്‌സംഘം ഇതന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ജി. ഗിരീഷ്ബാബു നൽകിയ ഹർജിയിന്മേലാണിത് .
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേർത്ത ഹൈക്കോടതി, വിജിലൻസിനോട് കേസിന്റെ രേഖകൾ ഇവർക്കു കൂടി നൽകണമെന്ന് ജൂൺ ആറിന് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ജൂൺ 11ന് സർക്കാരിന് കത്ത് നൽകിയപ്പോൾ ,ഇതിനായി കോട്ടയം വിജിലൻസ് എസ്.പിക്കും അന്വേഷണ ഉദ്യോഗസ്ഥനും നിർദേശം നൽകിയെന്ന് 16ന് മറുപടി ലഭിച്ചു. 19, 22 തീയതികളിൽ കോട്ടയം വിജിലൻസിന് റിമൈൻഡറുകൾ അയച്ചു. 24ന് എട്ടു സാക്ഷിമൊഴികൾ ഇ-മെയിലിൽ വിജിലൻസ് അയച്ചുനൽകി. 27നും നും ബാക്കി രേഖകൾക്കായി വീണ്ടും കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടിയില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി അസി. ഡയറക്ടർ വ്യക്തമാക്കി.
ആവശ്യപ്പെടുന്ന
രേഖകൾ
വിജിലൻസ് തയ്യാറാക്കിയ മഹസറുകളുടെ പകർപ്പ്
പ്രതികളുടെ മൊഴിപ്പകർപ്പ്
പ്രതിയുടെയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങൾ
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകളുടെ കോപ്പി.
പത്ത് കോടിയുടെ ബാങ്ക് ഇടപാട് നടത്തിയതിന്റെ രേഖകളുടെ പകർപ്പ്
സാക്ഷി മൊഴികളുടെ പകർപ്പ്
ഇബ്രാഹിംകുഞ്ഞിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.