കോലഞ്ചേരി: വീട്ടിലെ അടുപ്പ് പുകയ്ക്കാൻ സ്കൂളിലെ അടുപ്പ് പുകയണം. സ്കൂളുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിലായതോടെ സ്കൂൾ പാചക തൊഴിലാളികളുടെ ജീവതവും ഇരുട്ടിലായി. സ്കൂളുകളിൽ ഉച്ച ഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളികൾക്കു ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചതോടെ പലരുടേയും ജീവിതം വഴി മുട്ടി. സ്കൂൾ പ്രവൃത്തി ദിനങ്ങൾ കണക്കാക്കിയാണ് ഇവർക്ക് വേതനം ലഭിച്ചിരുന്നത്. ജൂൺ മാസം മുതൽ തുടങ്ങുന്നതാണ് ഇവരുടെ ജോലി. എന്നാൽ കൊവിഡ് ഇവരുടെ ജീവിതവും ദുരിതത്തിലാക്കി. സ്കൂൾ തുറക്കാതെ ശമ്പളം ലഭിക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. വിധവകളും, പ്രായം ചെന്നവരുമടക്കം നിരാലംബരായ ഒട്ടേറെ പേരാണ് ഈ മേഖലയിൽ പണിയെടുന്നുത്. പലർക്കും ഇതായിരുന്നു ജീവിത മാർഗവും. 499 കുട്ടികൾക്ക് വരെ ഒരാളും അതിൽ കൂടിയാൽ 2 പേരെയും ജോലിക്ക് നിയോഗിക്കാമെന്നാണ് ചട്ടം. എന്നാൽ മിക്ക സ്കൂളുകളിലും കുട്ടികളുടെ എണ്ണം കൂടിയാലും ഒരാൾ മാത്രമാണ് ജോലിയെടുക്കുന്നത്. 250 കുട്ടികൾക്ക് ഒരാൾ എന്ന കണക്കിൽ പാചക തൊഴിലാളികളെ നിയമിക്കണമെന്ന ആവശ്യം ദീർഘകാലമായുണ്ട്. ഇവർക്ക് ക്ഷേമ നിധിയുമില്ല. കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടും അപര്യാപ്തമാണ്. ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യവുമായി പാചക തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
#ആശ്വാസ ധനം ലഭിച്ചില്ല
പ്രതി ദിനം 550 രൂപയാണ് ഇവർക്കു ലഭിക്കുന്നത്. ഒരു മാസം കേന്ദ്ര സർക്കാർ ഒരാൾക്കു നൽകുന്ന 30 രൂപ ഉൾപ്പടെയാണിത്. നേരത്തെ കഞ്ഞിയും പയറും മാത്രം ഉണ്ടാക്കിയാൽ മതിയായിരുന്നുവെങ്കിൽ ഇപ്പോൾ സാമ്പാറും, തോരനും അച്ചാറുമൾപ്പടെ മൂന്നു തരം കറിയും കഞ്ഞിയുമുണ്ടാക്കണം. ഒപ്പം പാലും, മുട്ട പുഴുങ്ങിയതും. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അവധി കാലത്ത് 2000 രൂപ ആശ്വാസ ധനം അനുവദിച്ചിരുന്നു. ഈ വർഷം അതും കിട്ടിയിട്ടില്ല.
#വേതനം നൽകണം
കേന്ദ്ര സർക്കാർ അനുവദിച്ച തുച്ഛമായ വേതനം വർദ്ധിപ്പിക്കണം, ക്ഷേമ നിധി നടപ്പാക്കണം. കൊവിഡു കാലത്ത് വിദ്യാഭ്യാസ മേഖലയിലെ മറ്റു ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതിനി സമാനമായി പാചക തൊഴിലാളികൾക്കും വേതനം നൽകണം.
എം.വി ഗീവർഗീസ്, ജില്ലാ സെക്രട്ടറി, സ്കൂൾ പാചക തൊഴിലാളി
യൂണിയൻ സി.ഐ.ടി.യു