child

കൊച്ചി: അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ നടുക്കം വിട്ട് മാറും മുൻപ്

തൃപ്പൂണിത്തുറയിൽ ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മദ്യലഹരിയിലായിരുന്ന പിതാവ് സമാനരീതിയിൽ തൊട്ടിലിൽ നിന്ന് വലിച്ചെറിഞ്ഞതായി പരാതി. സംഭവത്തിൽ പാലക്കാട് സ്വദേശി ആനന്ദിനെ (42) തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ കുഞ്ഞിനെ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവാങ്കുളത്ത് ബുധനാഴ്ച രാത്രിയാണ് സംഭവമെങ്കിലും ഇന്നലെയാണ് വിവരം പുറംലോകം അറിയുന്നത്. തൊട്ടിലിൽ കിടന്നുറങ്ങിയ കുഞ്ഞ് ഉണർന്നുകരഞ്ഞതോടെ കലികയറിയ പിതാവ് വലിച്ചെറിയുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ അമ്മയുടെ കൈകളിലേക്കാണ് കുട്ടി വീണത്. ശിശുക്ഷേമസമിതിയുടെ പരാതിയെത്തുടർന്നാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.

സ്ഥലത്തെ ആശാവർക്കറാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചത്.

ശിശുക്ഷേമസമിതി നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ഇയാൾ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി കണ്ടെത്തി.

ആനന്ദ് മാതാവിനൊപ്പം വർഷങ്ങളായി ചോറ്റാനിക്കരയിലായിരുന്നു താമസം. മൂന്ന് വർഷം മുമ്പാണ്

തൃപ്പൂണിത്തുറ സ്വദേശിയെ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു പെൺകുട്ടികളാണുള്ളത്. രണ്ടുവയസുള്ള മൂത്ത മകളോട് സ്‌നേഹത്തിലാണ് പിതാവ് പെരുമാറുന്നതെന്നും അമ്മ പറഞ്ഞു. അഞ്ചുമാസം മുമ്പാണ് തിരുവാങ്കുളത്തെ ഒറ്റമുറി വാടക വീട്ടിലേക്ക് ഇവർ താമസം മാറിയത്. കൊവിഡിനെ തുടർന്ന് കൂലിപ്പണിക്ക് പോകാനാകാത്തതോടെ ആനന്ദ് കടുത്ത നിരാശയിലായിരുന്നു.

കുഞ്ഞിന്റെ ദേഹത്ത് പൊള്ളലേറ്റ പാട്

ഒരുമാസം മുമ്പും കുഞ്ഞിനെ പിതാവ് ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. അന്ന് കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെയും അമ്മയുടെയും ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്.

കുഞ്ഞ് ജനിച്ചതിലുള്ള ദോഷമാണ് തന്റെ ദുർഗതിക്ക് കാരണമെന്ന അന്ധവിശ്വാസത്തിലായിരുന്നു ആനന്ദ്. കുടുംബത്തിന്റെ സംരക്ഷണവും ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങളും ശിശുക്ഷേമസമിതി ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുമ്പ് അങ്കമാലിയിലും സമാനരീതിയിൽ പിഞ്ചുകുഞ്ഞിന് പിതാവിന്റെ ക്രൂരമർദനം ഏറ്റിരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ സുഖംപ്രാപിച്ചുവരുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഇന്ന് ആശുപത്രി വിടും.