light
സിയാലിന്റെ റൺവെയിൽ കാറ്റഗറി3 ലൈറ്റിങ് തെളിഞ്ഞപ്പോൾ

36 കോടി രൂപയുടെ ലൈറ്റിംഗ് സംവിധാനം തയ്യാറായി

നെടുമ്പാശേരി: 36 കോടി രൂപ ചെലവഴിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക റൺവേ ലൈറ്റിംഗ് സംവിധാനം പ്രവർത്തനമാരംഭിച്ചു. മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യിക്കാമെന്നതാണ് പ്രത്യേകത.

നവീകരിച്ച കാറ്റഗറി 3 റൺവേ ലൈറ്റിംഗ് സംവിധാനം മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ സ്വിച്ച് ഓൺ നിർവഹിച്ചു.

എയ്‌റോനോട്ടിക്കൽ ഗ്രൗണ്ട് ലൈറ്റിംഗ് (എ.ജി.എൽ) എന്ന റൺവെയിലെ വെളിച്ചവിതാനത്തിന്റെ ഏറ്റവും ഉയർന്ന വിഭാഗമാണ് കാറ്റഗറി 3. ദക്ഷിണേന്ത്യയിൽ ബംഗളൂരുവിൽ മാത്രമേ ഈ സംവിധാനമുണ്ടായിരുന്നുള്ളൂ.

•24 കോടിയോളം രൂപമുടക്കിയായിരുന്നു റൺവേ പുനരുദ്ധാരണം. ലൈറ്റിംഗ് നവീകരണം, റൺവേ, ടാക്‌സി വേ, ടാക്‌സി ലിങ്കുകൾ, പാർക്കിങ് ബേ എന്നിവ മുഴവനും ലൈറ്റിങ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴവന്നാലും പുക മഞ്ഞുള്ളപ്പോഴും പൈലറ്റിന് റൺവേയും അനുബന്ധ പാതകളും വ്യക്തമായി കാണാനാകും.

റൺവേയിൽ 30 മീറ്റർ ഇടവിട്ടുള്ള ലൈറ്റിംഗ് 15 മീറ്റർ ഇടവിട്ടാക്കി. നിലവിലുള്ള ലൈറ്റുകൾക്ക് പുറമേ രണ്ടായിരത്തോളം ലൈറ്റുകൾ സ്ഥാപിച്ചു. ലൈറ്റിംഗ് തകരാറാലായാൽ ഉടൻ തന്നെ സമാന്തര സംവിധാനം പ്രവർത്തിക്കും. പൂർണമായും കമ്പ്യൂട്ടർ നിയന്ത്രിതമാണ് കാറ്റഗറി 3 ലൈറ്റിംഗ്. നവമ്പറിൽ ആരംഭിച്ച റൺവേ നവീകരണം ഏപ്രിലിലാണ് പൂർത്തിയായത്.

എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ജനറൽ മാനേജർ പി.ജെ. ടോണി, സീനിയർ മാനേജർ സ്‌കറി ഡി. പാറയ്ക്ക തുടങ്ങിയവർ സ്വിച്ച് ഓൺ ചടങ്ങിൽ പങ്കെടുത്തു.