കോലഞ്ചേരി: ഇരുട്ടകന്നു, ആദിവാസി കുടുംബത്തിന് വെളിച്ചമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ, ഫാക്ട് ഇലക്ട്രിക്കൽ വിഭാഗം, ശാസ്ത്ര സാഹിത്യ പരിഷത്ത്, പെരിങ്ങാല ഗ്രാമീണ വായനശാലയും കൈ കോർത്തപ്പോൾ വടയമ്പാടി അയ്യങ്കുഴി മലമുകളിൽ താമസിക്കുന്ന പട്ടിക വർഗ കുടുംബത്തിന് വെളിച്ചമായി. ഒറ്റ ദിവസം കൊണ്ട് വീട് വയറിംഗ് നടത്തി വൈദ്യുതി എത്തിച്ചാണ് സൗഹൃദ കൂട്ടായ്മ മാതൃകയായത്. ഇവർക്ക് 12 വർഷം മുമ്പ് വീട് ലഭിച്ചെങ്കിലും തറ മാത്രം പണിത് കാട് പിടിച്ചു നിലയിലായിരുന്നു. ഇപ്പോൾ ലൈഫ് പദ്ധതിയിലൂടെ വീട് അനുവദിച്ച് പണി പൂർത്തിയാക്കി .എന്നാൽ വയറിംഗ് നടത്താത്തതുമൂലം വൈദ്യുതി ലഭിച്ചിരുന്നില്ല. കെ.എസ്.ഇ.ബി അസി.എക്‌സി. എൻജിനീയർ ഒ.എൻ കൃഷ്ണകുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പഞ്ചായത്തംഗം ജോൺ ജോസഫ് അദ്ധ്യക്ഷനായി.ത്രിതല പഞ്ചായത്തംഗങ്ങളായ എൻ.എൻ രാജൻ, പോൾ വെട്ടിക്കാടൻ, ജോണി മനിച്ചേരി, എ.സുഭാഷ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല പ്രസിഡന്റ് വി.എ വിജയകുമാർ, കെ.കെ സജീവ് ,വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എം.കെ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.