barikedu
ആലുവ മാർക്കറ്റിൽ കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരസഭ ബാരിക്കേഡുകൾ സ്ഥാപിക്കുന്നു

ആലുവ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ആലുവ മാർക്കറ്റിൽ കച്ചവടക്കാരുടെ പ്രതിഷേധം കാര്യമാക്കാതെ പൊലീസ് സാന്നിദ്ധ്യത്തിൽ നഗരസഭ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തൊഴിലാളികളുമായി മാർക്കറ്റിൽ ബാരിക്കേഡുകൾ സ്ഥാപിക്കാനെത്തിയത്.

സൗകര്യകുറവുള്ളതിനാൽ ബാരിക്കേഡുകൾ സ്ഥാപിക്കേണ്ടതില്ലെന്നും തങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്താമെന്നുമായിരുന്നു കച്ചവടക്കാരുടെ നിലപാട്. ലോറികളിൽ നിന്നും ചരക്കുകൾ ഇറക്കുന്നതിനും ബുദ്ധിമുട്ടനുഭവപ്പെടുമെന്നും കച്ചവടക്കാർ ആരോപിച്ചു.

എന്നാൽ കച്ചവടക്കാരുടെ ആവശ്യം തള്ളി നഗരസഭ അധികൃതർ ബാരിക്കാഡ് സ്ഥാപിക്കാൻ തുടങ്ങിയതോടെ ബഹളമായി. ഇതോടെ നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജെറോം മൈക്കിൾ, കെ.എ. ചന്ദ്രൻ, കൗൺസിലർമാരായ രാജീവ് സക്കറിയ, പി.എം. മൂസാക്കുട്ടി എന്നിവരും ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും എത്തി. കച്ചവടക്കാരുമായി ചർച്ച ചെയ്ത് ബാരിക്കേഡ് സ്ഥാപിക്കുന്നത് രണ്ട് അടി പിന്നിലേക്ക് മാറ്റാൻ ധാരണയായി. ഏറെ നേരത്തെ ചർച്ചകൾക്ക് ശേഷമാണ് ധാരണയായത്.

#ഏഴ് കടകൾക്ക് കാരണം കാണിക്കൽ നോട്ടീസ്

മാർക്കറ്റിൽ കൊവിഡ് മാനദണ്ഡം പാലിക്കാത്ത ഏഴ് കടകൾക്ക് നഗരസഭ കാരണം കാണിക്കൽ നോട്ടീസും നൽകി. ഹെൽത്ത് ഇൻസ്പെക്ടർ മധുസുദനപിള്ളയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ഇനിയും മാനദണ്ഡങ്ങൾ ലംഘിച്ചാൽ മാർക്കറ്റ് താത്ക്കാലികമായി അടയ്ക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൻ ലിസി എബ്രഹാം പറഞ്ഞു.