aymanam

കൊച്ചി: ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സാമ്പത്തിക പാക്കേജും ഇളവുകളും സംസ്ഥാന സർക്കാർ തയ്യാറാക്കിവരികയാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. കൊവിഡ് അനന്തര കേരളത്തെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമായ ടൂറിസ്റ്റ് ലക്ഷ്യ കേന്ദ്രമാക്കി മാറ്റലാണ് ലക്ഷ്യം.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) ഭാരവാഹികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ടൂറിസം മേഖലയിൽ നിന്നുള്ള സംരംഭകരെ പങ്കെടുപ്പിച്ച് ഫിക്കി ദേശീയ ടൂറിസം കമ്മിറ്റി സംഘടിപ്പിച്ച വീഡിയോ കോൺഫറൻസിംഗിൽ സംസാരിക്കുകയായിരുന്നു ടൂറിസം സെക്രട്ടറി.

ആയുർവേദ, വെൽനെസ്, അഡ്വഞ്ചർ ടൂറിസം മേഖലകളിൽ ശ്രദ്ധയൂന്നും. ഈ മേഖലകൾക്ക് ഇളവുകൾ നൽകും. സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനു വഴിതെളിക്കാൻ ടൂറിസത്തിന് സാധിക്കും. കേരളം രാജ്യത്തെ ഏറ്റവും മികച്ച ടൂറിസം ലക്ഷ്യകേന്ദ്രമാണെന്നും അവർ പറഞ്ഞു.

ട്രാവൽമാർട്ട് സെപ്തംബറിൽ

വരുന്ന സെപ്തംബറിൽ വെർച്വൽ കേരള ട്രാവൽമാർട്ട് സംഘടിപ്പിക്കുമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡണ്ട് ബേബി മാത്യു സോമതീരം അറിയിച്ചു. കേരളത്തിൽ തന്നെയുള്ള വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. ക്രമേണ ഇതര സംസ്ഥാന, വിദേശ സ്ഞ്ചാരികളെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കും.