കൊച്ചി: നഗരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുകയും മാർക്കറ്റ് അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ സാമൂഹ്യവ്യാപനം മുന്നിൽകണ്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി മേയർ സൗമിനി ജെയിൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ ഓഫീസിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ജനസേവനകേന്ദ്രം മാറ്റി സ്ഥാപിക്കും. എറണാകുളം ലാ കോളേജിന് സമീപത്തെ കോർപ്പറേഷന്റെ തന്നെ ഉടമസ്ഥതയിലുള്ള 'യാത്ര' ഓഡിറ്റോറിയത്തിലേക്കാണ് ഇത് മാറ്റുന്നത്. ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുന്ന ഡെത്ത് ആൻഡ് ബർത്ത് വിഭാഗം പൂർണമായും ഇവിടേക്ക് മാറ്റും. തിക്കും തിരക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നതിനാലാണ് ബദൽ ക്രമീകരണം ഏർപ്പെടുത്തുന്നത്. അടുത്ത ആഴ്ചയോടെ പുതിയ സംവിധാനം പ്രവർത്തനക്ഷമമാകുമെന്ന് മേയർ പറഞ്ഞു.

സന്ദർശകർക്ക് വിലക്ക്

ഓഫീസിൽ ഒരാൾക്കെങ്കിലും കൊവിഡ് ബാധിച്ചാൽ ഓഫീസ് ആകെ അടച്ചിടേണ്ടി വരും. ഇതൊഴിവാക്കുന്നതിനായി കോർപ്പറേഷൻ ആസ്ഥാനത്തും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. കൂടുതൽ ആൾക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കുന്നത് കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയവർ സന്ദർശകരെ സ്വീകരിക്കില്ല. പരാതികൾക്ക് ഫോൺ വഴി പരിഹാരം തേടാൻ ആളുകൾ ശ്രമിക്കണം.

കൂട്ടം കൂടുന്നത് ഒഴിവാക്കണം

കടകൾ, ചന്തകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ യാതൊരു കാരണവശാലും ആളുകൾ കൂട്ടംകൂടരുത്

അടുത്ത രണ്ട് ആഴ്ചത്തേക്ക് എല്ലാ രാഷ്‌ട്രിയ പാർട്ടികളും സമരപരിപാടികൾ ഒഴിവാക്കണം.മുതിർന്ന പൗരൻമാരും കുട്ടികളും വീട്ടിൽ തന്നെ കഴിയണം. ബന്ധുഗൃഹസന്ദർശനങ്ങൾ ഒഴിവാക്കുക വിവാഹം, മരണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുക. ബ്രോഡ്‌വേ, പള്ളുരുത്തി മാർക്കറ്റുകൾ അടച്ചതോടെ തോപ്പുംപടി മാർക്കറ്റിൽ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ഹെൽത്ത് ഓഫീസർമാരെ നിയോഗിക്കും

ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കും

നിലവിൽ കച്ചേരിപ്പടി ആശിർഭവൻ, ഇടക്കൊച്ചി പി.ഒ.സി സെന്റർ എന്നിവിടങ്ങളിലാണ് ക്വാറന്റൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. 125 പേരാണ് ഇപ്പോൾ ഇവിടെയുള്ളത്. 2500 പേർ വീടുകളിൽ ക്വാറന്റൈയിനിലാണ്. വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിലും നിന്നു വരുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കലൂർ എ.ജെ.ഹാൾ, മട്ടാഞ്ചേരി ടൗൺ ഹാൾ എന്നിവിടങ്ങൾ ഉൾപ്പെടെ നാല് ക്വാറന്റൈൻ കേന്ദ്രങ്ങൾ കൂടി കോർപ്പറേഷൻ സജ്ജമാക്കും. ഇതിന് പുറമെ ഓരോ ഡിവിഷനിലും ഒരു ക്വാറന്റൈയിൻ കേന്ദ്രം വീതം കണ്ടെത്തിയിട്ടുണ്ട്.ഡെപ്യൂട്ടി മേയർ കെ.ആർഅ.പ്രേമകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി.എം.ഹാരിസ്, ജോൺസൺ മാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു