കൊച്ചി: ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടും രക്ഷയില്ല. ജില്ലയിൽ 50 ശതമാനം സ്വകാര്യ ബസുകളും ഓട്ടം നിർത്തി. കൊവിഡ് ഭീതിയും വരുമാന നഷ്ടവും തന്നെയാണ് കാരണം. 2300 ബസുകളാണ് ജില്ലയിൽ ആകെയുള്ളത്. ഇതിൽ ആയിരത്തോളം ബസുകൾ നികുതി ഇളവിനായുള്ള ജി ഫോം ആർ.ടി.ഒ. അധികൃതർക്ക് നൽകി കഴിഞ്ഞു. ബസുകൾ സർവീസ് നിറുത്തി കയറ്റിയിടുന്നതിന്റെ മുന്നോടിയായാണ് ജി ഫോം സമർപ്പിക്കുന്നത്.ഇതോടെ അടുത്ത മൂന്നു മാസത്തെ ഇളവ് ലഭിക്കും.ലോക്ക് ഡൗൺ മുമ്പ് ജി ഫോം നൽകിയ 2000ലധികം ബസുകൾ മോറട്ടോറിയം പ്രഖ്യാപിച്ചതിന് തുടർന്ന് കഴിഞ്ഞ മാസം നിരത്തിലിറങ്ങിരുന്നു. ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് ഭൂരിഭാഗം ബസുകളും പിന്തിരിഞ്ഞു. നികുതി ഇളവു കാലാവധി ജൂൺ 30 ന് അവസാനിച്ചതോടെ വീണ്ടും ജി ഫോം സമർപ്പിച്ചിച്ച് ബസുകൾ കയറ്റിയിടുകയാണ്. ജില്ലയിലെ ഏഴു റിജിയണൽ ഓഫീസുകൾ വഴിയാണ് ജി. ഫോം അപേക്ഷകൾ സമർപ്പിക്കുന്നത്. നിരക്ക് വർദ്ധനവ് നിലവിൽ വന്നെങ്കിലും സാമൂഹ്യ അകലം പാലിച്ച് സർവീസ് നടത്തുന്നതിനാൽ വരുമാനം കുറവായിരുന്നു. പലയിടങ്ങിളിലും ബസ് ജീവനക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടു മൂലമാണ് ബസുടമകൾ സർവീസ് നടത്താൻ അനുവദിച്ചത്. എന്നാൽ ഇപ്പോൾ ബസ് ഓടിക്കേണ്ടെന്ന തീരുമാനത്തിലാണ് ബസ് ജീവനക്കാർ.
ജി ഫോം
നികുതി ഇളവിനായാണ് ബസുകൾ ജി ഫോം നൽകുന്നത്. ഫോം നൽകിയാൽ ബസുകൾ മൂന്നു മാസത്തേക്കോ ഒരു വർഷത്തേക്കോ കയറ്റിയിടാം. ജി ഫോം പൻവലിച്ച് ബസുകൾ റോഡിലിറക്കാം.
തൊഴിലാളികൾക്ക് കൂലിയായി 2,700 രൂപ, ഇന്ധനത്തിന് 5,000 മുതൽ 9,000 രൂപ വരെ, ടയർ റീസോളിംഗ് ചാർജ് തുടങ്ങിയ ഇനങ്ങളിലായി ബസ് നിരത്തിലിറക്കാൻ ഒരു ദിവസം 10,000 രൂപയെങ്കിലും ചെലവാകും.
സ്വകാര്യ ബസുകൾക്ക് ഗുണം ചെയ്യില്ല
നിരക്ക് വർദ്ധനവിൽ സ്വകാര്യ ബസുകൾക്ക് യാതൊരു ഗുണവും ലഭിക്കില്ല. നിരക്ക് വർദ്ധിപ്പിച്ചെന്ന് സർക്കാർ വരുത്തി തീർക്കുകയാണ്. നിലവിലെ നിരക്കിൽ ഓടാൻ സാധിക്കില്ല. കൊവിഡ് ഭിതി കൂടിയായതോടെ ഓടിക്കേണ്ടതില്ലെന്നാണ് തീരുമാനം.
എം.ബി സത്യൻ
പ്രസിഡന്റ്
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
ജി ഫോം നൽകിയ
ബസുകൾ
മട്ടാഞ്ചേരി 15
കോതമംഗലം 73
അങ്കമാലി 56
ആലുവ 600
എറണാകുളം 215