shamna

കൊച്ചി: നടി ഷംന കാസിമിന്റെ മരടിലെ വീട്ടിൽ സിനിമാനിർമ്മാതാവെന്ന പേരിലെത്തിയ വ്യക്തിയും വ്യാജനെന്ന് പൊലീസ് കണ്ടെത്തിയതായി സൂചന. ഇയാളെ പിടികൂടാനുള്ള ശ്രമം ഉൗർജിതമാക്കി. ‌

ഷംന കാസിം പറഞ്ഞിട്ടെന്ന പേരിലാണ് നിർമ്മാതാവെന്ന് അറിയിച്ചയാൾ ജൂൺ 20 ന് മരടിലെ വീട്ടിലെത്തിയത്. മാതാപിതാക്കളുമായി സംസാരിക്കാനും ശ്രമിച്ചു. വീട്ടിൽ കയറ്റാൻ അവർ അനുവദിച്ചില്ല. വീട്ടിൽ വരാൻ താൻ ആരോടും പറഞ്ഞിട്ടില്ലെന്ന് ഷംന പൊലീസിന് മൊഴി നൽകിയിരുന്നു. വിദേശത്തു നിന്നുള്ള സന്ദേശമനുസരിച്ചാണ് ഇയാൾ വന്നതെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. സന്ദേശം അയച്ചയാളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. നിർമ്മാതാവെന്നു പരിചയപ്പെടുത്തിയ വ്യക്തി കോട്ടയം സ്വദേശിയാണെന്ന സൂചനയും പൊലീസിന് ലഭിച്ചു. സിനിമാ നിർമ്മാതാവല്ലെന്നാണ് വിവരം. ഇയാൾ ആരുടെയെങ്കിലും ബിനാമിയാണോ, സ്വർണക്കടത്തിലെ കണ്ണിയാണോ തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീ ഉൾപ്പെടെ മൂന്നു പേരെക്കൂടി അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. വിവാഹം ആലോചിച്ച റഫീക്കിന്റെ മാതാവെന്ന പേരിൽ ഫോൺവിളിച്ച തൃശൂർ വാടാനപ്പിള്ളി സ്വദേശിനിയാണ് ഒരാൾ. തട്ടിപ്പിനും തട്ടിക്കൊണ്ടുപോകലിനും ആസൂത്രണം നടത്തിയ സംഘത്തിലെ അംഗങ്ങളാണ് മറ്റു രണ്ടുപേർ. ഇവരുടെ ഒളിത്താവളങ്ങൾ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

ടിക് ടോക്ക് നടനായ യാസിറിനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. റഫീക്കിന്റെ സംഘവുമായി തനിക്ക് ബന്ധമില്ലെന്നും തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ഇയാൾ മൊഴി നൽകിയതായാണ് വിവരം.