തോപ്പുംപടി: കൊച്ചിക്കായലടക്കം ഉൾനാടൻ ജലാശയങ്ങളിൽ ലൈസൻസില്ലാതെയുള്ള മത്സ്യബന്ധനത്തിന് വിലക്ക്. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പരാതിയിൽ ഫിഷറീസ് വകുപ്പിന്റെയാണ് നടപടി. ഇതോടെ കുട്ട വഞ്ചികളിൽ മത്സ്യബന്ധനം നടത്തുന്ന അമ്പതോളം അന്യസംസ്ഥാന കുടുംബങ്ങൾ ദുരിതത്തിലായി. ലോക്ക് ഡൗൺ പ്രതിസന്ധിയിൽ നിന്നും കരകയറി വരുന്നതിനിടെയാണ് ഫിഷറീസ് വകുപ്പിന്റെ ഇരുട്ടടി. 2010ലെ ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരമാണ് നടപടി.

വർഷങ്ങളായി കൊച്ചി കായലിലും മറ്റ് പുഴകളിലും മത്സ്യബന്ധനം നടത്തിയാണ് ഇവർ അരവയർ നിറച്ചിരുന്നത്. മത്സ്യത്തൊഴിലാളികളിൽ ചിലർ വാടക്കാണ് താമസിക്കുന്നത്. മറ്റു ചിലർ പാലങ്ങളുടെ താഴെ ടെന്റ് കെട്ടിയാണ് കഴിയുന്നത്. കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും.ഗിൽ നെറ്റ്‌വലകൾ ഉപയോഗിച്ചാണ് ഇവരുടെ മീൻപിടിത്തം. കിട്ടുന്ന മീനുകളുമായി കൊച്ചിയിലെ മാർക്കറ്റുകളിൽ എത്തിയാലും മറ്റു വില്പനക്കാർ ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാറില്ല. പലപ്പോഴും മാർക്കറ്റ് പരിസരത്തും റോഡ് വക്കിലിരുന്നുമാണ് കച്ചവടം.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാനും കഴിയാത്ത സ്ഥിതിയിലാണ് ഇവർ.

വർഷങ്ങളായി അന്യസംസ്ഥാന കുടുംബം കുട്ട വഞ്ചിയിൽ മത്സ്യബന്ധനം നടത്തി വരികയാണ്. പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ മത്സ്യബന്ധനം. ഈ മേഖലയിലുള്ള മറ്റ് മത്സ്യത്തൊഴിലാളികൾക്ക്മീൻ കിട്ടാത്ത അവസ്ഥയുണ്ട്. ചില കുട്ടവഞ്ചിക്കാർ രാസവസ്തുക്കൾ ഉപയോഗിച്ച് മത്സ്യബസനം നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.രജിസ്ട്രേഷനും ലൈസൻസും ഇല്ലാത്തതിനാലാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

അന്യസംസ്ഥാന മത്സ്യത്തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

മൽസ്യതൊഴിലാളി ഐക്യവേദി