അങ്കമാലി: മുല്ലശേരി തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ കേരള ജല സേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി സ്ഥലം സന്ദർശിച്ച് വിലയിരുത്തി . പെരിയാറിൽ നിന്ന് തുടങ്ങി നായത്തോട് തുറയിൽ എത്തി അവിടെ നിന്നും കവരപ്പറമ്പ്, വേങ്ങൂർ, വളവഴി, മുല്ലശേരി വഴി കരയാംപറമ്പിലുള്ള മൂന്ന് തോട്ടിൽ ചെന്ന് എത്തുന്നതാണ് ഈ തോട്. നാളിതുവരെ ഇതു പൂർണമായി നവീകരിച്ചിട്ടില്ല. 2006-2011 കാലഘട്ടത്തിൽ തോടിന്റെ മുകൾ തട്ട് വൃത്തിയാക്കി. 125 ലക്ഷം രൂപയുടെ പ്രവർത്തിയാണ് നടപ്പിലാക്കുന്നത്. മുല്ലശേരി പാലം മുതൽ മൂന്ന് തോട് വരെ ചെളി നീക്കി തോടിന്റെ ആഴംവർദ്ധിപ്പിച്ച് 550 മീറ്റർ കരിങ്കല്ല് കെട്ടി നടത്തി തോടും പരിസരവും സംരക്ഷിക്കലാണ് പദ്ധതി. മന്ത്രിയോടൊപ്പം എം.എൽ. എ റോജി എം.ജോൺ, മുൻ മുൻസിപ്പൽ ചെയർമാൻ ബെന്നി മൂഞ്ഞേലി, തുറവൂർ പഞ്ചായത്തംഗം രാജിബിനീഷ് , മുൻസിപ്പൽ കൌൺസിലർ ബിജു പൌലോസ്, കെ.സി. ജോസ്, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ.വി. ഷാജി, സി.ഒ. വർഗ്ഗീസ് ഉണ്ടായിരുന്നു.