kseb

കൊച്ചി : കെ.എസ്.ഇ.ബി ഗാർഹിക ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ദ്വൈമാസ ബില്ലിംഗ് രീതി അശാസ്ത്രീയമാണെന്നും പ്രതിമാസ ബില്ലിംഗ് സംവിധാനം വേണമെന്നുമാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി വിനയകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മതിയായ രേഖകളും വസ്തുതകളുമില്ലാതെ സമർപ്പിച്ച ഹർജിയിൽ പൊതുതാത്പര്യമില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി .

ദ്വൈമാസ ബില്ലിംഗ് സംവിധാനത്തിന് സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരമില്ലെന്നും ഉപഭോക്താക്കളിൽ ഭൂരിപക്ഷത്തിനും ഉയർന്ന ബില്ലാണ് ലഭിക്കുന്നതെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിനെത്തുടർന്ന് 76 ദിവസത്തിനുശേഷം റീഡിംഗ് എടുത്ത് ബിൽ തുക നിശ്ചയിച്ചതിലും പോരായ്മകളുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ ഇലക്ട്രിസിറ്റി സപ്ളൈ നിയമപ്രകാരമാണ് ബിൽ നൽകുന്നതെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ അതുവരെയുള്ള വൈദ്യുതി ഉപഭോഗം കണക്കിലെടുത്താണ് ബിൽ നൽകിയതെന്നും കെ.എസ്.ഇ.ബി വിശദീകരിച്ചു.

ഹർജിക്കാരൻ കെ.എസ്.ഇ.ബിയുടെ രജിസ്ട്രേഡ് ഉപഭോക്താവല്ല. മറ്റു താത്പര്യങ്ങളുടെ പേരിലാണ് ഹർജി നൽകിയിട്ടുള്ളത്. ഉചിതമായ കേസുകളിൽ ബിൽ തുക പുനഃപരിശോധിച്ചു നൽകുന്നുണ്ട്. ഇതിനെതിരെ അപ്പീൽ നൽകാൻ പരാതിപരിഹാരഫോറമുണ്ട്. എന്നിട്ടും തീർപ്പായില്ലെങ്കിൽ ഒാംബുഡ്സ്മാനെ സമീപിക്കാമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ദ്വൈമാസ ബില്ലിംഗ് സംവിധാനം നിയമപ്രകാരമാണെന്ന് റെഗുലേറ്ററി കമ്മിഷനും വ്യക്തമാക്കി.

 ഹൈക്കോടതി പറഞ്ഞത്

ബില്ലിംഗ് രീതിയിലെ പോരായ്മകൾ പരിഹരിക്കാൻ പൊതുതാത്പര്യ ഹർജിയൊരു പരിഹാരമല്ല. പരാതികൾ പരിഹരിക്കാൻ ഉചിതമായ സംവിധാനമുണ്ട്. ബില്ലിംഗിൽ അപാകതയുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ ഹർജിക്കാരന് ഹാജരാക്കാൻ കഴിഞ്ഞില്ല.