കൊച്ചി : കൊവിഡ് ഭീഷണിക്കിടെ ദുബായിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിക്ക് എഴുതാൻ കഴിയാതെപോയ പരീക്ഷ വീണ്ടും നടത്തണമെന്ന അപേക്ഷ എം.ജി യൂണിവേഴ്സിറ്റി പരീക്ഷാകൺട്രോളർ പരിഗണിച്ച് ഒരുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. കാക്കനാട് രാജഗിരി കോളേജ് ഒാഫ് മാനേജ്മെന്റ് ആൻഡ് അപ്ളൈഡ് സയൻസിലെ വിദ്യാർത്ഥിനി സുഹേന മൊയ്തീന്റെ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.
ദുബായിൽ നിന്നു നാട്ടിലെത്തി ക്വാറന്റൈനിൽ കഴിയവേ വിദ്യാർത്ഥിനിക്ക് ആദ്യപരീക്ഷ എഴുതാൻ അനുമതി ലഭിച്ചിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് ബാക്കി പരീക്ഷ എഴുതിയത്. തനിക്ക് എഴുതാൻ കഴിയാതെപോയ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരീക്ഷാ കൺട്രോളർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചത്. ക്വാറന്റൈനിൽ കഴിയേണ്ടി വന്നതിനാൽ പരീക്ഷ എഴുതാൻ കഴിയാതെ പോയവർ വേറെയുമുണ്ട്. ഇൗ സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക പരീക്ഷ നടത്താനാവുമോ എന്നു പരിശോധിക്കണമെന്നാണ് നിർദേശം.