നെടുമ്പാശേരി: സർക്കാർ ഉത്തരവുകൾ ലംഘിച്ച് ലോക്ക് ഡൗൺ കാലത്തെ ശമ്പളം വെട്ടിക്കുറച്ചതിനെതിരെ സിയാൽ കരാർ തൊഴിലാളികൾ ജൂലായ് ആറിന് പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂർ സൂചനപണിമുടക്കിൽ നിന്നും സി.ഐ.ടി.യു പിന്മാറി. ഇന്നലെ നടന്ന ചർച്ചയിൽ ഭാഗികമായി അനുകൂല തീരുമാനം ഉണ്ടായതിനെ തുടർന്നാണ് പിന്മാറ്റം. അതേസമയം സെൻട്രൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സിയും ബി.എം.എസും യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്നു.സി.ഐ.ടി.യുമായുണ്ടായ ധാരണപ്രകാരം മെയ് മാസം 50 ശതമാനം ശമ്പളം നൽകും. ജൂൺ മാസം 50 ശതമാനം ശമ്പളവും ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളവും ലഭിക്കും. ജൂൺ മാസത്തെ ശമ്പളം ജൂലായ് 12നകം നൽകും. മെയ് മാസത്തെ ബാക്കി നൽകാനുള്ള 25 ശതമാനം ശമ്പളവും മാർച്ച് മാസം കമ്പനി പിടിച്ചുവച്ച 15 ശതമാനവും ജൂലായ് മാസം 20 നകം നൽകും. പ്രതിസന്ധി തുടർന്നാൽ ജൂലായ് 17ന് വീണ്ടും ചർച്ച നടക്കും. ഈ സാഹചര്യത്തിലാണ് പണി മുടക്കിൽ നിന്നും പിന്മാറിയതെന്ന് സി.ഐ.ടി.യു യൂണിയൻ പ്രസിഡന്റ് എൻ.സി. മോഹനൻ, സെക്രട്ടറിമാരായ എ.എസ്. സുരേഷ്, സ്റ്റഡിൻ സണ്ണി എന്നിവർ അറിയിച്ചു.
#ഐ.എൻ.ടി.യു.സിയും ബി.എം.എസും പണിമുടക്കും
അതേസമയം, മെയ് മാസം 75 ശതമാനം ശമ്പളം നൽകണമെന്നാണ് മറ്റ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. കരാർ കമ്പനികൾ തൊഴിലാളി വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഐ.എൻ.ടി.യു.സിയും ബി.എം.എസും ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സെൻട്രൽ ലേബർ കമ്മീഷണറുടെ സാന്നിദ്ധ്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടത്. ചർച്ച നടത്താൻ തീരുമാനിച്ചതായി ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, ബി.എം.എസ്. നേതാവ് പ്രദീപ് എന്നിവർ അറിയിച്ചു.