കൊച്ചി: പ്രതിദിനം സാമൂഹ്യ വ്യാപന ഭീഷണിയുമായി സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗ ബാധ റിപ്പോർട്ട് ചെയ്യുന്നതോടെ നഗരവും സമീപപ്രദേശങ്ങളും അതിജാഗ്രതയിൽ. എറണാകുളം മാർക്കറ്റിൽ മാത്രം എട്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗവും പൊലീസും ജില്ലാ ഭരണ കൂടവും നടപടികൾ കൂടുതർ കർശനമാക്കി. നിലവിൽ 10 പേർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചത്. ഇന്നലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധന കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
രോഗലക്ഷണങ്ങൾ മറച്ചുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പും തദ്ദേശ ഭരണകൂടവും പരിശോധന ശക്തമാക്കി. എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പൊലീസും പരിശോധന നടത്തുന്നുണ്ട്. നഗരത്തിലെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അനൗൺസ് മെന്റുകളിലൂടെ സുരക്ഷാ മുന്നറിയിപ്പ് നൽക വരികയാണ്. ആശുപത്രിയിൽ എത്തുന്നവരെ കർശനമായി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ലോക്ക് വീണു
കൊച്ചി നഗര കേന്ദ്രത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചിട്ടിരിക്കുയാണ്. എറണാകുളം മാർക്കറ്റ്, ബ്രോഡ്‌വേ, തോപ്പുംപടി മാർക്കറ്റ്, ചെല്ലാനം ഹാർബർ എന്നിവ അടച്ചു. എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്കും ചെല്ലാനം സ്വദേശിയായ മത്സ്യത്തൊഴിലാളിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളം മാർക്കറ്റിൽ സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ് റോഡ് വരെയുള്ള ഭാഗങ്ങൾ അടക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൂടാതെ തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്
പരിശീലനം നൽകി
കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങളും പരിശീലനവും നൽകി. മേനക ജംഗ്ഷനിൽ വിവിധ സ്ഥാപനങ്ങളും ഓട്ടോറിക്ഷാ സ്റ്റാന്റുകളിലുമെത്തി ജില്ലാ ഹെൽത്ത് ഓഫീസർ ടി. എൻ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് സുരക്ഷാ നിർദേശങ്ങളും പരിശീലനവും നൽകിയത്. മാസ്‌ക്കുകളുടെയും കൈയ്യുറകളുടെയും ശരിയായ ഉപയോഗരീതിയും അവ ശാസ്ത്രീയമായി അണുവിമുക്തമാക്കുന്ന വിധവും സാനിറ്റെസറിന്റെ ശരിയായ ഉപയോഗരീതിയും ഉദ്യോഗസ്ഥർ വിശദീകരിച്ചു. മൊബൈൽഫോൺ ഷോപ്പുകൾ, വസ്ത്രശാലകൾ മറ്റ് വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അനുയോജ്യമായ പ്രവർത്തന രീതികളിൽ പരിശീലനവും ശാരീരികഅകലം ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.