തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന എം.എം. അൻവറിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കേസ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും പൊള്ളാച്ചിയിലെ ഫാമിൽ കൊണ്ടുപോയി തെളിവെടുപ്പ് ആവശ്യമാണെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
പ്രളയഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റിലായ അൻവറിനെ ജൂലായ്13 വരെയാണ് റിമാൻഡ് ചെയ്തിരുന്നത്. കേസിലെ ഒന്നാംപ്രതി കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിനും മഹേഷിനും ഫാമിൽ പങ്കാളിത്തമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇവരെക്കൂടാതെ എം.എം. അൻവർ പൊള്ളാച്ചിയിലെ ഫാമിൽ പലതവണ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അൻവറിന്റെ ഫോട്ടോ ഫാമിലെ ജീവനക്കാർക്ക് അയച്ചുകൊടുത്തെങ്കിലും ഇവർ തിരിച്ചറിഞ്ഞിട്ടില്ല.
അന്വേഷണത്തിന്റെ രണ്ട് ഘട്ടങ്ങളിലായി ഏഴുദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും അൻവറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.