കൊച്ചി : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു വേണ്ടി കാഞ്ഞിരപ്പള്ളിയിലെ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് ഹൈക്കോടതി ജൂലായ് 21 വരെ തടഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ജൂലായ് 21 ന് ഹർജിയിൽ വിശദമായി വാദം കേൾക്കും.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വർഷങ്ങളായി തർക്കമുള്ളതിനാൽ , കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം കെട്ടിവയ്ക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിന് ഇല്ലാത്തതിനാലാണെന്നും ഹർജിക്കാർ ആരോപിച്ചു.
സർക്കാർ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്ന് ഉറപ്പുണ്ടെങ്കിൽ, നഷ്ടപരിഹാരം കെട്ടിവയ്ക്കുന്നത് എന്തിനാണെന്ന് സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. ഭൂമി സർക്കാരിന്റേതാണെങ്കിലും അതിൽ കൃഷി നടത്തിയിട്ടുണ്ടെന്നും ഇതിനു നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നുമായിരുന്നു മറുപടി . ഭൂമിയുടെ ഉടമസ്ഥതയിൽ ഹർജിക്കാർക്ക് അവകാശമില്ല. എന്നാൽ ഭൂമിയിൽ നിലവിലുള്ള നിർമ്മാണങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സർക്കാർ വിശദീകരിച്ചു.