കോലഞ്ചേരി: മലയാളിക്ക് അന്നം മുട്ടാതിരിക്കാൻ ഇക്കുറി പാടത്തിറങ്ങി ഞാറു നടാൻ ഭായിമാരില്ല. അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് പോയതോടെ നിർമാണ മേഖലയിൽ മാത്രമല്ല പ്രതിസന്ധി. കൃഷിപ്പണിക്കും ആളെക്കിട്ടാതായി. പരമ്പരാഗത കർഷക തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതോടെയാണ് പാടങ്ങളിൽ ഞാറു നടുന്നതിനും കൊയ്ത്തിനുമെല്ലാം കർഷകർ അന്യസംസ്ഥാനക്കാരെ ആശ്രയിച്ച് തുടങ്ങിയതത്. ആദ്യഘട്ടത്തിൽ പലരും അന്യ സംസ്ഥാന തൊഴിലാളികളെ പരീക്ഷണാടിസ്ഥാനത്തിൽ ആയിരുന്നു പാടത്ത് പണിക്കിറക്കിയതെങ്കിലും കർഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു അവരുടെ വൈദഗ്ധ്യം.
തദ്ദേശീയരായ തൊഴിലാളികൾക്ക് കൊടുക്കുന്നതിന്റെ പകുതി കൂലി ചിലവിൽ നാലിലൊന്ന് സമയം കൊണ്ട് ഭംഗിയായി നടീൽ പൂർത്തിയാക്കിയാണ് ചേറിലിറങ്ങാൻ മടികാണിച്ച മലയാളികളെ ഇവർ ഞെട്ടിച്ചത്. ഒരേക്കർ വയലിൽ ഞാറ് പറിച്ചുനടുന്നതിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് 5000 - 5500 രൂപ മാത്രമേ കൂലിയുള്ളു. ചെറിയ സംഘങ്ങളായെത്തുന്ന ഇവർ മൂന്നോ നാലോ മണിക്കൂറുകൊണ്ട് പണി തീർത്തുപോകും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കിൽ 18 മുതൽ 22 പേർ ഒരു ദിവസം മുഴുവൻ പണിയെടുത്താലാണ് ഈ ജോലി തീർക്കുകയെന്നാണ് കർഷകർ പറയുന്നത്.
#താളംതെറ്റിയ കൃഷി പണി
എല്ലാവരും കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് തിരിച്ച് പോയതോടെ കൃഷി പണികളുടെ താളംതെറ്റി. തദ്ദേശീയരായ തൊഴിലാളികൾക്കെല്ലാം താൽപര്യം തൊഴിലുറപ്പ് പദ്ധതിയോടാണ്. ഇതിനാൽ നെൽക്കൃഷിയിറക്കുന്നതിനുള്ള സമയമടുത്തിട്ടും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതിന്റെ വേവലാതിയാണ് കർഷകർക്ക്. വർഷങ്ങളായി നിലമൊരുക്കാനും ഞാറ് നടീലിനുമൊക്കെ ആശ്രയിച്ചിരുന്നത് അന്യസംസ്ഥാനക്കാരെയായിരുന്നു.
#കൃഷിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കണം
അന്യ സംസ്ഥാന തൊഴിലാളികൾ പോയതോടെ നെൽ കൃഷി തുടർന്നു പോകണമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ നെൽകൃഷിക്കായി ഉപയോഗപ്പെടുത്തണം.
ബിജു കുമാർ, യുവ കർഷകൻ, കോലഞ്ചേരി