കൊച്ചി: എല്ലാ മെട്രോസ്റ്റേഷനുകളിലും മഴവെള്ള സംഭരണി സജ്ജമാക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷനിൽ ആരംഭിച്ച സംവിധാനം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടുവർഷങ്ങളിലുണ്ടായ പ്രളയം കേരളത്തിന്റെ കണ്ണുതുറപ്പിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ജലവും പ്രകൃതിയും സംരക്ഷിക്കുന്നതിന് പ്രധാന പരിഗണന നൽകണം. ശുദ്ധജലമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധിയാളുകൾ ഇപ്പോഴുമുണ്ട്. കെ.എം.ആർ.എല്ലിന്റെ മഴവെള്ള സംഭരണ പദ്ധതി പൊതുജനത്തിന് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

22 മെട്രോ സ്റ്റേഷനുകളിലായി വർഷത്തിൽ 420 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ കഴിയുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് (കെ.എം.ആർ.എൽ) ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. എസ്.സി.എം.എസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് കെ.എം.ആർ.എൽ പദ്ധതി നടപ്പാക്കുന്നത്. എസ്.സി.എം.എസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർമാൻ പ്രമോദ് തേവന്നൂർ പരിപാടിയിൽ പങ്കെടുത്തു.