china

കോലഞ്ചേരി: ഇന്ത്യാ അതിർത്തിയിലെ ചൈനാ സംഘർഷം അടങ്ങുമ്പോഴും മാനസിക സംഘർഷമൊഴിയാതെ ആയിരക്കണക്കിന് വിദ്യാർത്ഥികളും മാതാപിതാക്കളും.

ചൈനയിലെ വിവിധ സർവകലാശാലകളിൽ വൻ തുക ഫീസ് നൽകി ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് പഠിക്കുന്നത്. മെഡിസിൻ, എൻജിനീയറിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്കാണ് കൂടുതൽ പേരുള്ളത്. ഇവരിലേറെയും സെമസ്​റ്റർ അവധിക്ക് ജനുവരിയിൽ നാട്ടിലെത്തി. ഫെബ്രുവരിയിൽ മടങ്ങേണ്ടതായിരുന്നു. ചൈനയിൽ കൊവിഡ് വ്യാപിച്ചതോടെ യാത്രനീട്ടി. കൊവിഡിന്റെ ശക്തി കുറഞ്ഞാൽ മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാർത്ഥികൾ. അപ്പോഴേക്കും അതിർത്തിയിൽ സംഘർഷമായി.

കേന്ദ്രസർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതോടെ ഇവരുടെ ഓൺലൈൻ പഠനവും തടസപ്പെട്ടു. നിരോധിച്ച വി ചാ​റ്റ് എന്ന ചൈനീസ് ആപ് ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. പ്രൊജക്ട്, അസൈൻമെന്റ്, പഠനസാമഗ്രികൾ, ഫീസ് അടയ്ക്കൽ എല്ലാം വി ചാ​റ്റ് വഴിയായിരുന്നു. ഓൺലൈൻ പഠനത്തിന് ടെൻസെന്റ് എന്നൊരു ചൈനീസ് ആപ് ഉണ്ടെങ്കിലും മികവില്ല. റഗുലർ ക്ലാസ് എന്നു തുടങ്ങുമെന്നറിയില്ല. അവിടെ ബന്ധപ്പെടാൻ പ​റ്റിയവരുമില്ല. മിക്കവരുടെയും വിസ ഒക്ടോബറിൽ കഴിയും. ചൈനയിൽ 30 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയാണ് 6 വർഷ എം.ബി.ബി.എസ് കോഴ്‌സിന്റെ ഫീസ്. പഠനം പാതിവഴിയിലായവർ ആശങ്കയോടെ കാത്തിരിക്കുകയാണ്.