കൊച്ചി : വല്ലാർപാടത്തെ കണ്ടെയ്‌നർ ടെർമിനലിലെത്തുന്ന ട്രക്കുകൾ ഡ്രൈവ് ത്രൂ മാതൃകയിൽ എക്‌സ്റേ സ്‌കാനറിലൂടെ കടത്തിവിട്ട് പരിശോധിക്കുന്നത് ഡ്രൈവർമാർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ഹർജിയിൽ വസ്തുതകൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി അഭിഭാഷക കമ്മിഷണറെ നിയോഗിച്ചു. യുണൈറ്റഡ് കണ്ടെയ്‌നർ ടെർമിനൽ ട്രക്ക് ഡ്രൈവേഴ്സ് അസോസിയേഷന്റെ ഹർജിയിൽ അഡ്വ. ബിജി. എ. മാണിക്കോത്തിനെയാണ് അഭിഭാഷക കമ്മിഷണറായി നിയോഗിച്ചത്. മൂന്നാഴ്ചയ്‌ക്കകം പരിശോധന നടത്തി റിപ്പോർട്ട് നൽകണം. തൃശൂരിലെ ഡയറക്ടറേറ്റ് ഒഫ് റേഡിയേഷൻ സേഫ്ടി വിഭാഗം ഒരു ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിക്കണമെന്നും വല്ലാർപാടത്തെ കണ്ടെയ്നർ ടെർമിനൽ അധികൃതരും ദുബായ് പോർട്ട് വേൾഡും പരിശോധനയുമായി സഹകരിക്കണമെന്നും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹർജി ജൂലായ് 23 ന് വീണ്ടും പരിഗണിക്കും.
ഹർജിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ഉൾപ്പെടെയുള്ള അധികൃതരുടെ അനുമതിയോടെയാണ് സ്കാനർ സ്ഥാപിച്ചിട്ടുള്ളതെന്നും ടെർമിനൽ അധികൃതരും ദുബായ് പോർട്ട് വേൾഡും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ അഭിഭാഷക കമ്മിഷണറെ നിയോഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. വല്ലാർപാടം ടെർമിനലിലെത്തുന്ന ലോറികളിലെ ചരക്ക് സ്കാൻ ചെയ്യുമ്പോൾ ഡ്രൈവേഴ്സ് ക്യാബിൻ ഉൾപ്പെടെയാണ് സ്കാൻ ചെയ്യുന്നത്. തുടർച്ചയായി എക്‌സ് റേ റേഡിയേഷൻ ഏൽക്കേണ്ടി വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നെന്നാണ് ഹർജിക്കാരുടെ ആക്ഷേപം.