മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ ഞായപ്പിള്ളികാവുംപടി റോഡ് യാഥാർത്ഥ്യമായി. ആയവന ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആയവന-കാലാമ്പൂർ റോഡിലെ ഇടയ്ക്കാട്ട് പടിയിൽ നിന്നും ആരംഭിച്ച് ഇഞ്ചക്കടാന്തി റോഡുമായി ബന്ധിപ്പിക്കുന്ന നടപ്പാതെയാണ് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുതൽ മുടക്കി റോഡ് പണിതത്.
ഇവിടെ റോഡ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊവിഡ് 19ന്റെ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് നടന്ന റോഡിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജൂലി സുനിൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, വിവിധ കക്ഷിനേതാക്കളായ ജോളി പൊട്ടയ്ക്കൽ, കെ.ടി.രാജൻ, അനീഷ്.എം.മാത്യു, എൻ.കെ.പുഷ്പ, ഷീല സാബു, പി.എച്ച്.നിസാർ, വി.വി.സുരേഷ്, ഇഞ്ചക്കടാന്തി നിവാസികൾ എന്നിവർ പങ്കെടുത്തു.
#ടാറിംഗ് ജോലികൾ ബാക്കി
നടപ്പാത റോഡാക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലമടക്കം ഏറ്റെടുക്കേണ്ടിവരുന്നതിനാൽ റോഡ് നിർമ്മാണത്തിന് തടസമാവുകയായിരുന്നു. വാർഡ് മെമ്പർ ജൂലി സുനിൽ നടത്തിയ ഇടപെടലുകളും ചർച്ചകൾക്കൊടുവിൽ ഇടയ്ക്കാട്ടുകുടി ബേബി, ഇടശേരിയിൽ കൃഷ്ണൻകുട്ടി, തയ്യൽകുടിയിൽ മത്തായി, ലാലച്ചൻ, അനിയൻകുഞ്ഞ് എന്നിവർ സ്ഥലം സൗജന്യമായി വിട്ട് നൽകിയതോടെയാണ് പ്രദേശവാസികളുടെ റോഡെന്ന സ്വപ്‌നം യാഥാർത്ഥ്യമായി. 12അടി വീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. റോഡിന് സംരക്ഷണ ഭിത്തി നിർമിച്ച് കലുങ്കുകൾ അടക്കം നിർമിച്ച് റോഡ് ലെവൽചെയ്ത് സഞ്ചാര യോഗ്യമാക്കി. ഇനി റോഡിന്റെ ടാറിംഗ് ജോലികളാണ് പൂർത്തിയാക്കാനുള്ളത്.