തൃക്കാക്കര : കേരള ബാങ്ക് കോർപ്പറേറ്റ് ഓഫീസിന്റെയും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്തർദേശീയ സഹകരണദിനം ആഘോഷിച്ചു. സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ച് ജനങ്ങൾക്കിടയിലെ അവബോധം ശക്തിപ്പെടുത്തുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ അന്തർദേശീയ ഐക്യത്തിനും വികസനത്തിനും നൽകുന്ന മാതൃകകൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ജൂലായ് 4 അന്തർദേശീയ സഹകരണ ദിനമായി ആഘോഷിക്കുന്നത്.
ബാങ്കിന്റെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രമുഖ സഹകാരി എം.ഇ.ഹസൈനാർ സഹകരണ പതാക ഉയർത്തി. ഈ വർഷത്തെ സഹകരണ ദിനാചരണത്തിന്റെ പ്രമേയമായ കോ ഓപ്പറേറ്റീവ് ഫോർ ക്ലൈമറ്റ് ആക്ഷൻ എന്ന വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബാങ്ക് പരിസരത്ത് വൃക്ഷത്തൈ നട്ടു. കോർപ്പറേറ്റ് ഓഫീസ് ജനറൽ മാനേജർജോളി ജോൺ, ക്രെഡിറ്റ് പ്രോസസിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.