amma

കോലഞ്ചേരി: നാടിന്റെ പ്രാർത്ഥന സഫലമായി. പിതാവിന്റെ ക്രൂരതയ്ക്കിരയായെങ്കിലും കരുതലിന്റെ കാവലിൽ പുനർജന്മം നേടിയ കുഞ്ഞു ജെസീറ്റ ആരോഗ്യവതിയായി ഇന്നലെ ആശുപത്രിവിട്ടു. നേപ്പാളുകാരിയായ അമ്മയും കുഞ്ഞു ജെസീറ്റയും പുല്ലുവഴി സ്നേഹജ്യോതി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണ് പോയത്.വനിതാ കമ്മിഷനും എറണാകുളം ശിശുക്ഷേമ സമിതിയുമാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയത്.

ഉച്ചയ്ക്ക് 12 മണിയോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ന്യൂറോസർജറി ഐ.സി.യുവിൽ കുഞ്ഞിനെ ചികിത്സിച്ച സീനിയർ കൺസൾട്ടന്റും ന്യൂറോ സർജനുമായ ഡോ. ജയിൻ കുഞ്ഞിനെ അമ്മ സഞ്ജാമയയ്ക്ക് കൈമാറി.ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. അരുൺകുമാർ, അംഗം വി.എൻ. മഞ്ജുള, വനിതാ കമ്മിഷനംഗം അഡ്വ. ഷിജി ശിവജി എന്നിവർ

ആശുപത്രിയിൽ സന്നിഹിതരായിരുന്നു.

സ്വദേശമായ നേപ്പാളിലേയ്ക്ക് പോകാനാണ് താല്പര്യം. കേസിന്റെ നടപടികളും കൊവിഡ് നിയന്ത്രണവും തീർന്നശേഷം സർക്കാർ യാത്രയൊരുക്കും.

തലയ്ക്കേറ്റ ക്ഷതം മസ്തിഷ്ക വളർച്ചയെ എത്രമാത്രം ബാധിക്കുമെന്നറിയാൻ തുടർ പരിശോധന വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

സഞ്ജാമയയെ ഷൈജു സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് വിവാഹം കഴിച്ചത്. വിവാഹശേഷം അങ്കമാലിയിൽ വാടയ്ക്കായിരുന്നു താമസം. കുഞ്ഞുപിറന്നപ്പോൾ പിതൃത്വത്തിന്റെ പേരിൽ സംശയമായി. കുഞ്ഞിനെ കാലിൽ തൂക്കി കട്ടിലിലേക്കെറിയുകയായിരുന്നു. കഴിഞ്ഞമാസം 18നാണ് കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കട്ടിലിൽനിന്ന് കുഞ്ഞ് വീണെന്നും കൊതുകുബാറ്റ് കൊണ്ട് അടിയേറ്റെന്നുമാണ് പറഞ്ഞത്. അമ്മയാണ് യഥാർത്ഥസംഭവം വെളിപ്പെടുത്തിയത്.പിതാവ് കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.

ഭർതൃവീട്ടിലേയ്ക്ക് മടങ്ങില്ലെന്ന നിലപാടിലാണ് സഞ്ജാമയ. മകളെ നേപ്പാളിൽ വളർത്തണം. ഈ നാടിനോട് കടപ്പാടുണ്ടെന്നും ഇവിടത്തെ കരുതലാണ് മകളുടെ ജീവനെന്നും അവർ പറഞ്ഞു.