കൊച്ചി: കേരളത്തിന്റെ കരുതലറിഞ്ഞ് ഗായത്രി നാട്ടിലേക്ക് മടങ്ങി. കുഞ്ഞു ആരാധ്യയെ നെഞ്ചോടുചേർത്ത്. പൂർണ ഗർഭിണിയായിരിക്കെ പ്രതിസന്ധികളെ തരണംചെയ്താണ് മുബയ് സ്വദേശിനി ഗായത്രി ഭർത്താവ് ചന്ദ്രശേഖറിനൊപ്പം വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയത്. അന്യനാട്ടിൽ അകപ്പെട്ട അങ്കലാപ്പേതുമില്ലാതെ കഴിഞ്ഞ 26ന് ആരാധ്യക്ക് ജന്മം നൽകി. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് എറണാകുളം ശ്രീസുധീന്ദ്ര മെഡിക്കൽ മിഷനിലായിരുന്നു ചികിത്സ. മസ്‌കറ്റിലെ നിർമ്മാണ കമ്പനിയിലായിരുന്നു ഗായത്രിക്കും ഭർത്താവിനും ജോലി. പ്രസവവും അവിടെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനം എല്ലാം തകിടംമറിച്ചു. മുംബയിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും വിമാനം ലഭിച്ചില്ല. പിന്നീട് പ്രത്യേക വിമാനത്തിൽ ജൂൺ നാലിന് കൊച്ചിയിലേക്ക് വരികയായിരുന്നു. എറണാകുളത്തെ ഒരു പൊതുപ്രവർത്തകന്റെ സഹായത്തോടെയാണ് ക്വാറന്റൈൻ സൗകര്യങ്ങൾ തരപ്പെടുത്തിയത്.

ജൂൺ 18ന് ക്വാറന്റൈൻ കാലാവധി കഴിഞ്ഞതോടെ സുധീന്ദ്ര മെഡിക്കൽമിഷനിലെ ഗൈനക്കോളജിസ്റ്റ് ഡോ. രമണി ഫിലിപ്പിന്റെ ചികിത്സതേടി. ഇവരുടെ മൂത്തമകൻ ഏഴ് വയസുകാരൻ സായ്‌നേഷ് മുംബയ് താനയിൽ

ചന്ദ്രശേഖറിന്റെ സഹോദരൻ അമോൽ മൊഹിതെയ്‌ക്കൊപ്പമാണുള്ളത്. മകൾക്ക് ആരാധ്യ എന്നു പേരിട്ട് കൊച്ചിയിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് വാങ്ങി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. രമണി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

കുഞ്ഞ് ആരാധ്യക്ക് പുത്തൻ ഉടുപ്പുകളും ഗായത്രിക്ക് ചാമ്പവൃക്ഷത്തൈയും നൽകിയാണ് യാത്രയാക്കിയത്. കൊച്ചിയുടെ സ്‌നേഹത്തിന്റെ പ്രതീകമായി വൃക്ഷത്തൈ തന്റെ മാവിൻതോപ്പിൽ നട്ട് പരിപാലിക്കുമെന്ന് ചന്ദ്രശേഖർ പറഞ്ഞു. ഡോ. പ്രതാപ് കിണി, നഴ്‌സിംഗ് സൂപ്രണ്ട് ലെഫ് . കേണൽ (റിട്ട.) എം.ജി. മണിയമ്മ, മാനേജർ പി.വി. സുരേഷ്ബാബു, പി.ആർ.ഒ. വി.എസ്. വിശാൽ, ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ എന്നിവരും സന്നിഹിതരായിരുന്നു. ആശുപത്രി തയ്യാറാക്കിയ വാഹനത്തിലാണ് മൂവരും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങിയത്.