thanks
അക്രമികൾ വെട്ടിമാറ്റിയ തന്റെ കൈപ്പത്തി തുന്നിച്ചേർത്ത ഡോക്ടർമാരെയും സിസ്റ്റർ മാരെയും നേരിൽകണ്ട് നന്ദി പറയാൻ പ്രൊഫ. ടി.ജെ ജോസഫ് പത്തുവർഷത്തിനുശേഷം എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽഎത്തിയപ്പോൾ

കൊച്ചി: പത്തുവർഷംമുമ്പ് തുന്നിച്ചേർത്ത കൈയുമായി കോളേജ് അദ്ധ്യാപകൻ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നന്ദി പറയാനെത്തി. തൊടുപുഴ ന്യൂമാൻ കോളേജ് മലയാളവിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ തെങ്ങനാക്കുന്നേൽ പ്രൊഫ. ടി.ജെ. ജേക്കബാണ് (63) ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും നന്ദിപറയാനെത്തിയത്. ചോദ്യപേപ്പറിലൂടെ മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ ഇദ്ദേഹത്തിന്റെ വലതുകൈപ്പത്തി വെട്ടിയെറിഞ്ഞത്. സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ വിദഗ്ദ്ധ ചികിത്സയിലൂടെയാണ് കൈപ്പത്തി തുന്നിച്ചേർത്തത്.

2010 ജൂൺ 5ന് രാവിലെ 8.30 ന് സ്വന്തം വീടിന് ഏതാനുംവര അകലെവച്ചായിരുന്നു നാടിനെ നടുക്കിയ ആക്രമണം അരങ്ങേറിയത്. വൃദ്ധമാതാവിനും കന്യാസ്ത്രീയായ സഹോദരിക്കുമൊപ്പം നിർമലമാതാപള്ളിയിൽ കുർബാന സ്വീകരിച്ച് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അക്രമികൾ ചാടിവീണത്. കാർ തടഞ്ഞുനിറുത്തിയസംഘം ടി.ജെ. ജോസഫിനെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് വലിച്ചിഴച്ച് റോഡിലിട്ട് തുരുതുരാവെട്ടുകയായിരുന്നു. വലതുകൈപ്പത്തി വെട്ടിയെടുത്ത് സമീപത്തെ വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഇടതുകൈയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന സഹോദരി സിസ്റ്റർ മേരി സ്റ്റെല്ലയും വൃദ്ധമാതാവ് 81 വയസുള്ള ഏലിക്കുട്ടിയും വാവിട്ടുനിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നുമാത്രമല്ല ഇരുവരുടെയും കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലക്ഷ്യം നിറവേറ്റിയശേഷം പ്രതികൾ ഓമ്‌നിവാനിൽ രക്ഷപെടുകയായിരുന്നു. അതിനിടെ ബഹളംകേട്ട് ഓടിയെത്തിയ മകനും അയൽവാസികളും ചേർന്നാണ് രക്തത്തിൽ കുളിച്ചുകിടന്ന പ്രൊഫസറെ ആശുപത്രിയിലെത്തിച്ചത്.

തെറ്റിദ്ധാരണയുടെ പേരിലുണ്ടായ സംഭവമായിട്ടുപോലും മതിനിന്ദ ആരോപിക്കപ്പെട്ടതിനാൽ കോളേജ് അധികൃതർ ടി.ജെ. ജോസഫിനെ പിന്തുണച്ചില്ല. വരുമാനമില്ലാതായതോടെ ഓട്ടോറിക്ഷയോടിച്ച് ഉപജീവനം കഴിക്കേണ്ടിവന്നതും പിന്നീടുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾകാരണം ഭാര്യ സലോമി ആത്മഹത്യചെയ്തതുമൊക്കെ ജോസഫിന്റെ ജീവിതത്തിലെ ഉണങ്ങാത്ത മുറിപ്പാടുകളായി ഇന്നും അവശേഷിക്കുകയാണ്.

ചികിത്സയ്ക്ക് നേതൃത്വം നൽകിയ ആശുപത്രി ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ, ഡോ.ആർ. ജയകുമാർ, പ്ലാസ്റ്റിക് സർജന്മാരായ ഡോ.എ.ജെ. ഗിൽഡ്, ഡോ. ആശ സിറിയക്, ഡോ. എം. സെന്തിൽകുമാർ എന്നിവരെയും പരിചരിച്ച നഴ്സിംഗ് സ്റ്റാഫിനെയും നേരിൽക്കണ്ട് അദ്ദേഹം നന്ദിയറിയച്ചു. അറ്റുപോകാത്ത ഓർമകൾ എന്ന ആത്മകഥയുടെ കോപ്പിയും ഡോക്ടർമാർക്ക് സമ്മാനിച്ചാണ് പ്രൊഫസർ മടങ്ങിയത്.