കൊച്ചി: കെ.കെ. മഹേശന്റെ ആത്മഹത്യയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും യോഗം ജനറൽ സെക്രട്ടറിയെയും അപമാനിക്കാനും ആക്ഷേപിക്കാനും ശ്രമിക്കുന്ന സ്വാർത്ഥതാത്പര്യക്കാരെ സമുദായം തിരിച്ചറിയുന്നുണ്ടെന്ന് എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ മഹാരാജാ ശിവാനന്ദനും കൺവീനർ പി.ഡി. ശ്യാംദാസും പറഞ്ഞു.

യോഗത്തിനോ സമുദായത്തിനോ ഒരു ഗുണവും ചെയ്യാത്ത അസംതൃപ്തരുടെ ചെറുസംഘമാണ് കണയന്നൂർ യൂണിയനിൽ ഇത്തരം പ്രവൃത്തികൾക്ക് പിന്നിൽ. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി സമുദായത്തെയും സംഘടനയെയും വഞ്ചിച്ചവരും ദുരുപയോഗിച്ചവരുമാണ് ഇക്കൂട്ടർ. ഇവരെ അർഹിക്കുന്ന അവജ്ഞയോടെ സമുദായാംഗങ്ങൾ തള്ളിക്കളയും. ഈ ദുഷ്ടബുദ്ധികളെ തിരിച്ചറിയാൻ വിവേകമുള്ളവരാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ.

ശാഖകളിലെയും യൂണിയനിലെയും തിരഞ്ഞെടുപ്പുകളിൽ കെട്ടിവെച്ച കാശുപോലും കിട്ടാത്തവരുടെയും തിരഞ്ഞെടുപ്പുകൾ മുടക്കാൻ നടക്കുന്നവരുടെയും പക്കൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. സമുദായ പുരോഗതിയെ പിന്നോട്ടുവലിക്കാൻ വിഫലശ്രമം നടത്തുന്ന ഈ ഒളിപ്പോർ സംഘങ്ങൾക്കെതിരെ സമുദായാംഗങ്ങൾ മുന്നോട്ടുവരും. കണയന്നൂർ യൂണിയനും ശാഖകളും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം ഉറച്ചുനിൽക്കുമെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.