ആലുവ: ആലുവ നഗരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാത്തതിൽ ജനം ആശങ്കയിൽ. നഗരസഭയും ആരോഗ്യ വകുപ്പും നഗരവാസികളുടെ ജീവൻ പന്താടുന്നതായാണ് ആക്ഷേപം. കൊവിഡ് ബാധിതർ വന്നുപോയ നഗരത്തിലെ നാല് വ്യാപാരശാലകൾ നിർബന്ധപൂർവം അടപ്പിക്കേണ്ടതിന് പകരം നോട്ടീസ് നൽകി കാത്തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്.

കൊവിഡ് ബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള നഗരത്തിലെ ഇലക്ട്രിക് കടയിലെ തൊഴിലാളികളെ സംഭവമറിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ക്വാറൻന്റൈനിൽ വിടാൻ ആരോഗ്യ വകുപ്പ് തയ്യാറായത്. അതുവരെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ വിവരം പൊതുജനങ്ങളിൽ നിന്ന് മറച്ചുവച്ചെന്നും ആരോപണമുണ്ട്. ഈ കടകളിൽ സാധനങ്ങൾ വാങ്ങാനെത്തിയവരെ കുറിച്ചും വിവരമില്ല. മാത്രമല്ല, ആലുവ ജില്ലാ ആശുപത്രിയിൽ പരിശോധന സംവിധാനം താളം തെറ്റുന്നതായും പരാതിയുണ്ട്. കൊച്ചി വിമാനത്താവളത്തിൽ ഡ്യൂട്ടിക്ക് പോയ പൊലീസുകാരന് കൊവിഡ് ടെസ്റ്റ് നടത്താനാകാതിരുന്നതാണ് പുതിയ സംഭവം. പരിശോധന നടക്കാത്തത് പരിഗണിക്കാതെ പൊലീസുകാരൻ മറ്റ് ഡ്യൂട്ടികൾക്കും പോയി. തെർമ്മൽ സ്കാനർ തകരാറിലായതിനാൽ സന്ദർശകർക്ക് നടത്തിയിരുന്ന പനി പരിശോധന രണ്ട് ദിവസം ഉണ്ടായില്ല.

ആലുവ മാർക്കറ്റിൽ കൊവിഡ് നിയന്ത്രണം നടപ്പാക്കാൻ നഗരസഭക്ക് പൊലീസിന്റെ സഹായം വേണ്ടിവന്നു. സാമൂഹ്യ അകലം പാലിക്കാൻ സ്ഥാപിച്ച ബാരിക്കേഡിൽ ചിലത് കച്ചവടക്കാർ എടുത്തു മാറ്റിയതായും പറയുന്നുണ്ട്. മന്ത്രി വി എസ് സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനമാണ് ആദ്യം അട്ടിമറിക്കപ്പെട്ടത്. തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും ഉദ്യോഗസ്ഥ യോഗം ചേർന്ന് നടപടി കർശനമാക്കാൻ തീരുമാനിച്ചത്.

#കാറ്റിൽ പറത്തി നിർദേശങ്ങൾ

കഴിഞ്ഞ ദിവസം നിയന്ത്രണം തെറ്റിച്ച വ്യാപാരശാലകൾക്ക് നഗരസഭ നോട്ടീസ് നൽയിട്ടും മാർക്കറ്റിലെ രീതികൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. ഇന്നലെയും സാമൂഹ്യകലം പാലിക്കാതെയാണ് വില്പന.മാസ്‌ക് ധരിക്കാൻ മെഡിക്കൽ ഷോപ്പുകളിലെ ജീവനക്കാർ പോലും വിമുഖരാണെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുന്നു. മറ്റ് വ്യാപാരികളുടെ കാര്യം അതിലും ദയനീയമാണ്. മന്ത്രിയും എം.എൽ.എയും മുന്നറിയിപ്പ് നൽകിയിട്ടും വഴങ്ങാത്തവരുടെ ലൈസൻസ് പൊതുജനാരോഗ്യം മുൻനിർത്തി റദ്ദുചെയ്യണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.