കൊച്ചി: മത്സ്യവറുതിയുടെയും കൊവിഡിന്റെയും പശ്ചാത്തലത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക പാക്കേജ് അടിയന്തരമായി അനുവദിക്കണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. പെട്രോളിയം വിലവർദ്ധന പിൻവലിക്കുക, വരൾച്ചാപാക്കേജ് അനുവദിക്കുക, കടൽക്കൊല കേസിൽ അന്താരാഷ്ട്ര ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുക, കാളമുക്ക് ഹാർബർ നിർമ്മാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി കേന്ദ്രഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. മുരളീധരൻ, സമിതി സംസ്ഥാന സെക്രട്ടറി പി.ബി. ദയാനന്ദൻ, ജില്ലാ സെക്രട്ടറി പി.വി. ജയൻ, പി.എസ്. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.