കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ പൊലീസ് പരിശോധന ശക്തമാക്കി. കലൂർ, എം.ജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. മാസ്‌ക് ധരിക്കാത്ത നിരവധി പേരെ താക്കീത് ചെയ്ത് വിട്ടു. നിയമലംഘനം തുടർന്നാൽ കേസെടുക്കുന്നടക്കം കർശന നടപടി സ്വീകരിക്കാനാണ് നിർദ്ദേശം.ഇന്നലെ പുലർച്ച ചമ്പക്കര മാർക്കറ്റിൽ പൊലീസും കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരും പരിശോധന നടത്തി. മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും 50 പേരെ കസ്റ്റഡിയിലെടുത്തു. ഡി.സി.പി ജി പൂങ്കുഴലിയുടെയും കോർപ്പറേഷൻ സെക്രട്ടറി ആർ.രാഹുലിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. എറണാകുളം,തോപ്പുംപടി മാർക്കറ്റുകൾ അടച്ചതോടെ ചമ്പക്കര മാർക്കറ്റിലെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചതായി ഡിവിഷൻ കൗൺസിലർ വി.പി.ചന്ദ്രൻ പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ മാർക്കറ്റ് അടച്ചിടേണ്ടി വരുമെന്ന് പൂങ്കുഴലി മുന്നറിയിപ്പ് നൽകി. ഇവിടെ പ്രവർത്തിക്കുന്ന മൊത്തക്കച്ചവടക്കാർ അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പാസ് വാങ്ങണം . പാസിന് സമയ നിയന്ത്രണമുണ്ടാകും. മാർക്കറ്റിന്റെ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങളിൽ പൊലീസ് പരിശോധനയുണ്ടാവും.

# എല്ലാവർക്കും ആന്റിജൻ പരിശോധന
ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളും കച്ചവടകേന്ദ്രങ്ങളും ഉൾപ്പെടെ ആളുകൾ കൂടുന്നിടത്തെല്ലാം സുരക്ഷാനടപടികൾ ശക്തമാക്കി. എറണാകുളം ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച ജീവനക്കാരുടെ ആന്റിജൻ പരിശോധന തുടരുന്നു. ഇതിൽ 25 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ ഫലം അടുത്ത ദിവസങ്ങളിലെത്തും.വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും ആന്റിജൻ പരിശോധനകൾ നടത്തും. ഇതിനായി വിമാനത്താവളത്തിൽ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ പരിശോധനകളും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.