ആലുവ: ദേശീയപാതയിൽ ചൂർണിക്കര ഗാരേജിന് സമീപം കച്ചവട സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം. മാവിൻചുവട് ഹോട്ടൽ, മീനാക്ഷി ബേക്കറി, കല്ലുങ്കൽ ഇലക്ട്രിക്കൽസ് ആൻഡ് മൊബൈൽസ്, ഹോട്ടൽ പെരിയാർ, കുട്ടപ്പായി ടി ഷോപ്, ഫസ മെൻസ് വേൾഡ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച അർദ്ധരാത്രിയിൽ കമ്പിപ്പാര ഉപയോഗിച്ച് താഴുകൾ തകർത്താണ് മോഷണം. കല്ലുങ്കൽ ഏജൻസിയിൽ നിന്നും ഏകദേശം 4000 രൂപ, മൊബൈൽ സ്‌പെയർപാർട്‌സുകൾ, മെമ്മറി കാർഡുകൾ, പെൻ ഡ്രൈവുകൾ, സെക്കൻഡ് ഹാൻഡ് മൊബൈലുകൾ എന്നിവ നഷ്ടമായി. ഫസയിൽ നിന്നും മേശ കുത്തിത്തുറന്ന് ഏകദേശം രണ്ടായിരം രൂപയുടെ ചില്ലറ കവർന്നു. മീനാക്ഷി ബേക്കറിയിൽ നിന്ന് ബേക്കറി സാധനങ്ങളും നഷ്ടമായി. പെരിയാർ ഹോട്ടലിൽ കുത്തിക്കാൻ ശ്രമിച്ചപ്പോൾ അതിനകത്തുണ്ടായിരുന്ന തൊഴിലാളി കണ്ടതിനെത്തുടർന്ന് കള്ളൻ ഓടി രക്ഷപ്പെട്ടു.
മാവിൻചുവട്ടിലെ ഹോട്ടൽ സി.സി ടി.വിയിൽ ചിത്രം പതിഞ്ഞിട്ടുണ്ട്. ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു.