ആലുവ: കോടതിയും പൊലീസ് സ്റ്റേഷനുമുൾപ്പെടെ പ്രവർത്തിക്കുന്ന ആലുവ സബ് ജയിൽ റോഡിൽ കാൽനട യാത്ര ദുഷ്‌കരമാണ്. നടപ്പാത കൈയേറുന്നതിനെതിരായ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വർഷങ്ങൾക്ക് മുമ്പ് വാഹനങ്ങൾ നീക്കാൻ ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് നാല് മാസം മുമ്പ് 'തൊണ്ടി' വാഹനങ്ങൾ കളമശേരി എ.ആർ കാമ്പിലേക്ക് പൊലീസ് നീക്കിയിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പും നഗരസഭയും ഇടപ്പെട്ട് നടപ്പാതയും പുനസ്ഥാപിച്ചിരുന്നു.നേരത്തെയും സമാനമായ സാഹചര്യമായിരുന്നെങ്കിലും പൊലീസിന്റെ കസ്റ്റഡി വാഹനമെന്ന പേരിൽ നാട്ടുകാർ സഹിക്കുകയായിരുന്നു. ഇത് മാറിയിട്ടും ഫുട്പാത്ത് ഉപയോഗിക്കാൻ കാൽനട യാത്രക്കാർക്ക് കഴിയുന്നില്ല.
# സബ് ജയിൽ റോഡിൽ കാൽനട യാത്ര കഠിനം
സബ് ജയിൽ ഗ്രൗണ്ട് ആരംഭിക്കുന്നിടത്ത് നിന്ന് 200 മീറ്റർ അകലെ പൊലീസ് ക്വാർട്ടേഴ്‌സ് വരെ നടപ്പാത പൂർണമായും സ്വകാര്യ വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. അതിനാൽ റോഡിലൂടെ നടക്കുന്ന യാത്രക്കാർ അപകട ഭീതിയിലാണ്.ലോക്കൽ പൊലീസ് മുതൽ ജില്ലാ പൊലീസ് ആസ്ഥാനം വരെ പ്രവർത്തിക്കുന്ന ഭാഗത്താണ് ജനങ്ങൾക്ക് ഈ ദുർഗതി.
#വീണ്ടും കൈയേറ്റം
ലോക്ക് ഡൗൺ ഇളവുകളിൽ നഗരം സാധാരണ നിലയിലായപ്പോഴേക്കും മറ്റ് വാഹനങ്ങൾ വീണ്ടും സ്ഥലം കൈയേറി. സമീപത്തെ ചില വർക്ക് ഷോപ്പിലേക്ക് വരുന്ന വാഹനങ്ങളാണ് സ്ഥിരമായി ഇവിടെ പാർക്ക് ചെയ്യുന്നതെന്നാണ് പരിസരത്തെ കച്ചവടക്കാരുടെ പരാതി.കാൽനട യാത്രക്കാർ റോഡിലൂടെ പോകേണ്ട അവസ്ഥയാണ്.