court

കൊച്ചി : പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിൽ തിരിച്ചെത്തിക്കുമ്പോൾ നഗ്നരാക്കി പരിശോധന നടത്തുന്നതും സെല്ലുകളിലെ ടോയ്‌ലെറ്റുകളിൽ സി.സി.ടിവി നിരീക്ഷണം ഏർപ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്ന് എറണാകുളം എൻ.ഐ.എ കോടതി വ്യക്തമാക്കി. അപൂർവ സാഹചര്യങ്ങളിലൊഴികെ ദിവസം മുഴുവൻ പ്രതികളെ സെല്ലുകളിൽ പൂട്ടിയിടരുതെന്നും നിർദേശിച്ചിട്ടുണ്ട്.

വിയ്യൂരിലെ ഉന്നത സുരക്ഷാജയിലിൽനിന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി തിരിച്ചെത്തിക്കുമ്പോൾ അടിവസ്‌ത്രംവരെ ഉരിഞ്ഞു പരിശോധിക്കുന്നുണ്ടെന്നാരോപിച്ച് മാവോയിസ്റ്റ് കേസുകളിലെ പ്രതി രൂപേഷ് നൽകിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ തിരിച്ചെത്തിക്കുമ്പോൾ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നതെന്നും പൂർണ നഗ്നരാക്കി പരിശോധന നടത്തുന്നത് ജയിൽ നിയമങ്ങൾക്കു വിരുദ്ധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ജയിലിലേക്ക് കൊണ്ടുവരുന്ന പ്രതികളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതെ പരിശോധന നടത്തണമെന്നാണ് നിയമത്തിൽ പറയുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ഉന്നത സുരക്ഷാജയിലിലെ ടോയ്‌ലെറ്റുകൾ സെല്ലുകളിൽ തന്നെയാണ് സ്ഥാപിച്ചിട്ടുള്ളത്. സെല്ലുകൾ സി.സി.ടിവി നിരീക്ഷണത്തിലായതിനാൽ പ്രഭാതകൃത്യങ്ങൾ കാമറയ്ക്കു മുന്നിൽ നടത്തേണ്ട ദയനീയ സ്ഥിതിയാണെന്നും പകൽ മുഴുവൻ സെൽ പൂട്ടിയിടുന്നതിനാൽ വിചാരണത്തടവുകാരനായ താൻ ഏകാന്തതടവുശിക്ഷ അനുഭവിക്കുകയാണെന്നും രൂപേഷിന്റെ പരാതിയിൽ പറയുന്നു.

ജയിൽ സൂപ്രണ്ടിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ആരോപണങ്ങളെ എതിർത്തു. ജയിലിൽ തടവുകാരെ നഗ്നരാക്കി പരിശോധിക്കുന്നില്ലെന്നും സി.സി.ടിവി കാമറകളിൽ ടോയ്‌‌ലെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ കാമറകൾ സ്ഥാപിച്ചതിന്റെ സ്കെച്ചുകൾ പരിശോധിച്ച കോടതി പരാതിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചു. ജയിൽ സെല്ലുകളിൽ കാമറ സ്ഥാപിക്കാൻ ജയിൽ മാനുവലിൽ പറയുന്നുണ്ടെങ്കിലും ടോയ്‌ലെറ്റും ബാത്ത്റൂമും നിരീക്ഷിക്കുന്നത് നീതീകരിക്കാനാവില്ല. സെല്ലുകൾ രാവിലെ തുറക്കണമെന്നും വൈകിട്ട് ആറുമണിക്കുശേഷം പൂട്ടണമെന്നുമാണ് നിയമത്തിൽ പറയുന്നത്. ആ നിലയ്ക്ക് പകൽ മുഴുവൻ പ്രതികളെ പൂട്ടിയിടുന്നതിന് ന്യായീകരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയെത്തുടർന്ന് രൂപേഷിനെ വിയ്യൂരിലെ ഉന്നത സുരക്ഷാജയിലിൽനിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നതിനാൽ ഹർജിയിൽ കൂടുതൽ ഉത്തരവു നൽകുന്നില്ലെന്നും എൻ.ഐ.എ കോടതി വ്യക്തമാക്കി.