കൊച്ചി: ശരീരോഷ്മാവ് അറിയാൻ ഇനി നെറ്റിയിലേക്ക് തെർമൽ സ്കാനർ നീട്ടേണ്ട. ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന ടി- ബോട്ടിലേക്ക് ഒന്ന് നോക്കിയാൽ മതി. പത്ത് മീറ്റർ അകലെ നിന്നാലും ടി-ബോട്ട് പറയും നിങ്ങളുടെ ശരീരോഷ്മാവ്. കൊച്ചിയിലെ ഒരു കൂട്ടം യുവാക്കളാണ് പുത്തൻ ആശയത്തിന് പിന്നിൽ.ചൂട് 38 ഡിഗ്രി സെൽഷ്യസിൽ അധികമെങ്കിൽ ഉപകരണത്തിൽ നിന്നു നിർത്താതെ ബീപ് ശബ്ദമുണ്ടാകും. ഇതു പനിയുള്ളവരെ തിരിച്ചറിയാൻ സഹായിക്കും. സമ്പർക്കമില്ലാതെ ശരിരോഷ്മാവ് അളക്കാനാവുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം.
തീർന്നില്ല, പനി പരിശോധനക്കുശേഷം ടി ബോട്ട് ഉപകരണത്തിനു താഴെ കൈ നീട്ടിയാൽ സാനിറ്റൈസറും ലഭിക്കും. പാലാരിവട്ടം യുണൈറ്റഡ് എൻ.ഡി.ടി ട്രെയ്‌നിംഗ് ആൻഡ് ഇൻസ്‌പെക്ഷൻ സെന്ററിലെ ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി മനീഷ് ഗോപിയും ഇലക്ട്രിക്കൽ എൻജിനിയർ നീതു ചന്ദ്രനും ചേർന്നാണു ടിബോട്ടെന്ന ആശയം രൂപീകരിച്ചത്. സഹപ്രവർത്തകരായ അനസ് അബ്ദുൾ ബഷീർ, സി.ബി. അനീഷ്, കൃഷ്ണകുമാർ, രേഷ്മ ഇസ്മയിൽ എന്നിവരും ടി ബോട്ട് ഉപകരണത്തിന്റെ രൂപകല്പനയിലും നിർമാണത്തിലും പങ്കാളികളായി.
പൊതുജനങ്ങൾ കൂടുതലായെത്തുന്ന ഓഫീസുകൾ, ബാങ്കുകൾ, വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സൗകര്യപ്രദമായി ഉപയോഗിക്കാനാവും വിധമാണു ടിബോട്ട് നിർമ്മിച്ചിരിക്കുന്നത്. സമ്പർക്കം ഒഴിവാക്കി ശരീരോഷ്മാവ് പരിശോധിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും സാധിക്കുന്ന ഉപകരണം ആദ്യമാണെന്നാണ് നിർമാതാക്കളുടെ അവകാശവാദം.