നെടുമ്പാശേരി: കൊമ്പുവാദ്യ കുലപതി ചെങ്ങമനാട് അപ്പുനായർ കൊമ്പുവാദനത്തിന്റെ ബാലപാഠം വശത്താക്കിയത് ചെങ്ങമനാട് ക്ഷേത്രത്തിലെ അടിയന്തരക്കാരനായിരുന്ന പിതാവ് എടയാക്കുടി നാരായണൻ നായരിൽ നിന്നാണ്. പത്താം വയസിൽ ചെങ്ങമനാട്ടപ്പന്റെ ശീവേലികൾക്ക് കൊമ്പൂതി പ്രദക്ഷിണം വച്ച് തുടങ്ങിയതാണ് അപ്പു ആശാന്റെ കലാജീവിതം.
കത്തിക്കാളുന്ന വിശപ്പിനും ഇല്ലായ്മകൾക്കും നടുവിൽ അപ്പു എന്ന ബാലൻ തന്റെ ശ്രുതിശുദ്ധവും താളനിബദ്ധവുമായ വാദനം ചെങ്ങമനാട്ടപ്പന് സമർപ്പിക്കുകയായിരുന്നു. വൈപ്പിൻ രാമൻനായർ എന്ന കൊമ്പ് വാദനഗുരുവാണ് ശിഷ്യനെ പൂരപ്പറമ്പുകൾക്ക് പരിചയപ്പെടുത്തിയത്. അവിടെവച്ചാണ് കുഴൂർ നാരായണമാരാർ എന്ന പഞ്ചവാദ്യകുലപതി അപ്പുആശാനെ കണ്ടുമുട്ടുന്നത്. പിന്നീട് ആറ് പതിറ്റാണ്ടോളം പഞ്ചവാദ്യവേദികളിൽ ആചാര്യന്റെ തിമിലയും ആശാന്റെ കൊമ്പും താളവും നാദവുമായി. പഞ്ചവാദ്യത്തിൽ ഇതിലേറെ സുദീർഘമായ മറ്റൊരു വാദ്യജോഡിയില്ലെന്നാണ് കലാകാരന്മാർ പറയുന്നത്. അപ്പു ആശാൻ ആകാശവാണിയിലൂടെ അവതരിപ്പിച്ച കൊമ്പ് പറ്റുകൾ ക്ഷേത്രചടങ്ങുകളിൽ ഒതുങ്ങി നിന്നിരുന്ന കലാരൂപത്തെ ആസ്വാദ്യമായ സംഗീത പരിപാടിയെന്ന രൂപത്തിലേക്ക് വളർത്തിയെടുത്തു.
സംസ്ഥാനത്തെ അറിയപ്പെടുന്നതും അല്ലാത്തതുമായ പൂരങ്ങൾക്കെല്ലാം അപ്പു ആശാൻ പഞ്ചാരിക്കും പാണ്ടിക്കും പഞ്ചവാദ്യത്തിനും നടുവിൽനിന്നു. പൂർണത്രയീശനു മുന്നിൽ നാൽപ്പത് വർഷം, പാറമേക്കാവിലമ്മയ്ക്കു മുന്നിൽ 34 വർഷം, പള്ളത്താംകുളങ്ങര ഇരുചേരുവാരങ്ങളിലുമായും നായരമ്പലത്തമ്മയ്ക്കു മുന്നിലും അനവധി വർഷങ്ങൾ... അങ്ങനെ പൂരങ്ങളിലെ നിറസാന്നിദ്ധ്യമായി അപ്പു ആശാൻ.
കേരള സംഗീതനാടക അക്കാഡമി അവാർഡ്, വാദ്യലോകത്തിന്റെ വീരശൃംഖല, പാറമേക്കാവ് ദേവസ്വം സുവർണഹാരം, തൃശൂർ സ്റ്റാലിയൻസ് ഇന്റർനാഷണൽ അവാർഡ്, ചാലക്കുടി കണ്ണമ്പുഴ ദേവസ്വം സ്വർണമെഡൽ, തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രം സ്വർണമെഡൽ, കേരള ഫോക്‌ലോർ അക്കാഡമി അവാർഡ്, പുറത്തുവീട്ടിൽ നാണുമാരാർ ട്രസ്റ്റ് വക പുരസ്‌കാരം, തുരുത്തിശേരി കലാസ്വാദകസമിതി വക സ്വർണമെഡൽ, മദ്ദളകലാകേസരി ചാലക്കുടി നമ്പീശൻ പുരസ്‌കാരം, മാധവ്ജി പുരസ്‌കാരം, കേരള ക്ഷേത്രസംരക്ഷണ സമിതി പുരസ്‌കാരം തുടങ്ങി കേരള ഗവൺമെന്റിന്റെ വാദ്യകലാകാരൻമാർക്കുള്ള പരമോന്നത ബഹുമതിയായ പല്ലാവൂർ പുരസ്‌കാരം വരെ കൊമ്പിന്റെ തമ്പുരാനെത്തേടിയെത്തി.
കഴിഞ്ഞവർഷം തുരുത്തിശേരി ഗ്രാമവും മേളവാദ്യ കലാകാരൻമാരും ആസ്വാദകസമിതിയും ചേർന്ന് ചെങ്ങമനാട് അപ്പുആശാന്റെ ശതാഭിഷേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
# മന്ത്രി അനുശോചിച്ചു
കൊമ്പുവാദ്യ കലാകാരൻ ചെങ്ങമനാട് അപ്പുനായരുടെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളീയ വാദ്യകലയ്ക്ക് വലിയ നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
അതുല്യ കലാകാരനായിരുന്നു അപ്പു നായരെന്ന് അൻവർ സാദത്ത് എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബി.എ. അബ്ദുൾ മുത്തലിബ് അനുശോചിച്ചു.