shamna-case

കൊച്ചി: സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ അന്വേഷണം പ്രതികളുടെ ബന്ധുക്കളിലേക്കും വ്യാപിപ്പിച്ചു. ഷംനയെ വിവാഹം കഴിക്കാനെന്ന പേരിൽ ബന്ധപ്പെട്ട സംഘത്തിൽനിന്ന് ഫോണിൽ വിളിച്ച സ്ത്രീയെ കണ്ടെത്തുകയാണ് ലക്ഷ്യം.

തട്ടിപ്പുകേസിൽ അറസ്റ്റിലായ ഷരീഫ്, റഫീഖ് എന്നിവരുടെ സഹോദരിമാരായ ഷമി, ഷൈമ, ഫസില എന്നിവരെ അന്വേഷണസംഘം ഇന്നലെ ചോദ്യംചെയ്തു. റഫീക്കിന്റെ മാതാവെന്ന പേരിൽ ഒരു സ്ത്രീ ഷംനയെ ഫോണിൽവിളിച്ച് സംസാരിച്ചിരുന്നു. ഈ സ്ത്രീ പ്രതികളുടെ ബന്ധു തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്.
പ്രതികൾക്കെതിരെ മൊഴിനൽകാൻ പൊലീസ് സമ്മർദം ചെലുത്തുന്നെന്ന അറസ്റ്റിലായ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സോഫിയയുടെ ആരോപണം ഐ.ജി. വിജയ് സാഖറെ നിഷേധിച്ചു. ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കുറ്റം ചെയ്യാത്തവർ പൊലീസിനെ ഭയക്കേണ്ട. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

# നിർമ്മാതാവല്ല, പന്തൽ പണിക്കാരൻ
സിനിമാ നിർമ്മാതാവാണെന്ന വ്യാജേന ഷംനയുടെ മരടിലെ വീട്ടിലെത്തിയ കോട്ടയം സ്വദേശി ജോണി പന്തൽ പണിക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. വിദേശത്തുനിന്ന് ലഭിച്ച സന്ദേശപ്രകാരമാണ് ഇയാൾ എത്തിയത്. സംസാരിക്കാൻ ഷംനയുടെ മാതാപിതാക്കൾ തയ്യാറാകാത്തതിനാൽ മടങ്ങിയിരുന്നു. ഇയാളുടെ സന്ദർശനം എന്തിനായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

# പ്രതികൾ വീണ്ടും അറസ്റ്റിൽ

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ മറ്റൊരു കേസിൽ അറസ്റ്റുചെയ്തു. അബൂബക്കർ, ഹാരിസ്, ശരത് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. എറണാകുളം മജിസ്‌ട്രേട്ട് കോടതി വെള്ളിയാഴ്ച ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

മലപ്പുറം സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തത് ഉൾപ്പെടെ മറ്റു രണ്ട് കേസിലാണ് അറസ്റ്റ്. ഇതോടെ പൊലീസ് രജിസ്റ്റർചെയ്ത കേസുകൾ ഒമ്പതായി. വെള്ളിയാഴ്ച രാത്രി കൊടുങ്ങല്ലൂരിൽ നിന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. കൂടുതൽ പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

പൊലീസ് ഭീഷണിയെന്ന് പ്രതിയുടെ ഭാര്യ

കൊച്ചി: ഷംന കാസിം കേസിൽ പ്രതികൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ തന്നെയും കുടുംബാംഗങ്ങളെയും പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ തൃശൂർ കയ്പമംഗലം സ്വദേശി സോഫിയ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

നടി ഷംന കാസിമിന്റെ വീട്ടിൽ കല്യാണാലോചനയുമായെത്തി സൗഹൃദംസ്ഥാപിച്ച് പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഷെരീഫ് ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റുചെയ്തിരുന്നു. കേസുമായി ബന്ധമില്ലെന്നും രക്ഷിതാക്കൾക്കൊപ്പമാണ് താമസമെന്നും സോഫിയ പറയുന്നു. വിവാഹാലോചനയുമായോ സാമ്പത്തികതട്ടിപ്പുമായോ ബന്ധമില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. കോടതി പറയുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻകൂർ ജാമ്യഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും.