ആലുവ: ബൈക്ക് യാത്രികനെ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷെഫീക്ക് ഹുസൈനാർ (30), ചെങ്ങമനാട് പറമ്പയം എളമനവീട്ടിൽ ഫൈസൽ ഹൈദരാലി (33) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെ അത്താണി ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞമാസം 16ന് ആലുവ യു.സി കോളേജിന് സമീപം വച്ച് കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്റെ മകൻ രജിത്തിനെയാണ് (36) മുഖം മറച്ചെത്തിയ എട്ടംഗസംഘം വധിക്കാൻ ശ്രമിച്ചത്. ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണസംഘത്തെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ചുമതലപ്പെടുത്തിയിരുന്നു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചെങ്കിലും ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്തുന്നതിനായി പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചിലർ ഒളിവിൽ പോകുകയും ചെയ്തു.

കെട്ടിട നിർമ്മാണ കരാറുകാരനായ രജിത്ത് ജോലി സംബന്ധമായി കൊടുങ്ങല്ലൂരിലേക്ക് പോകുമ്പോഴാണ് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി പിന്നാലെയെത്തിയ സംഘം ആക്രമിച്ചത്. ആദ്യം പേര് ചോദിക്കുകയും പിന്നാലെ രജിത്തിന്റെ ബൈക്ക് അപകടത്തിൽപ്പെടുത്താനും ശ്രമിച്ചു. ബൈക്ക് നിർത്തിയതോടെ അക്രമി സംഘത്തിലൊരാൾ രജിത്തിന്റെ മുഖത്തടിച്ച് വീഴ്ത്തി. റോഡിലേക്കുവീണ രജിത്തിനെ മറ്റുള്ളവർ തുണിയിൽ പൊതിഞ്ഞ ഇരുമ്പുവടിക്ക് അടിക്കുകയായിരുന്നു. വഴിയാത്രക്കാർ എത്തിയതോടെ അക്രമികൾ രക്ഷപ്പെട്ടു. രാജഗിരി ആശുപത്രിയിൽ ചികിത്സക്കുശേഷം വീട്ടിൽ വിശ്രമിക്കുകയാണ് രജിത്ത്.

അടുത്തിടെ ചാലക്കലിൽ നടന്ന മതംമാറ്റ വിഷയത്തിൽ രജിത്തും ഹിന്ദുഐക്യവേദിയുടെ നേതാവായ പിതാവ് കെ.വി. രാജനും യുവതിക്കും കുടുംബത്തിനും സഹായവുമായി രംഗത്തുണ്ടായിരുന്നു. മതംമാറിയ യുവാവ് മടങ്ങിയെത്തി ഇപ്പോൾ യുവതിക്കും കുടുംബത്തിനുമൊപ്പമാണ് താമസം. ഇതിന്റെ പേരിലുള്ള വൈരാഗ്യം ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി രജിത്ത് പൊലീസിന് മൊഴി നൽകിയിരുന്നു.