മൂവാറ്റുപുഴ : ഒരു കുപ്പി കണ്ടാൽ പിന്നെ അലീനയുടേയും അനിയത്തി മരിയയുടേയും കൈവിറയ്ക്കും. ആ കുപ്പിയിൽ ഒരു കലാരൂപം വിരിയണം ഈ വിറയൽ ഒന്ന് മാറാൻ ! സമ്പൂർണ ലോക്ക് ഡൗണിലാണ് മാറാടി കൊച്ചുകുടിയിൽ സൈമൺ ജൈന ദമ്പതികളുടെ മക്കളായ അലീനയും മരിയയും ബോട്ടിൽ ആർട്ട് പരീക്ഷിച്ചത്. ആദ്യ വരയിൽ തന്നെ ഇരുവരും വീട്ടുകാരെ അമ്പരപ്പിച്ചു. പടിപടിയായി കുപ്പികളിൽ വിസ്മയം തീർക്കാൻ തുടങ്ങി. വർക്കുകൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കുക കൂടി ചെയ്തതോടെയാണ് കൊച്ചുമിടുക്കികൾ നാട്ടിലെ താരങ്ങളായത്.
യൂ ട്യൂബാണ് ഗുരു. ബോട്ടിൽ ആർട്ടിന് പുറമെ വാദ്യോപകരങ്ങളുടെ ചെറു രൂപങ്ങളും ഇവർ നിർമ്മിച്ചിട്ടുണ്ട്. വീണ, ചെണ്ട, വയലിൻ, ഡമരു, ഹാർമോണിയം, ഗിറ്റാർ എന്നിങ്ങനെ നീളുന്നു പട്ടിക.എല്ലാ മനോഹരം. ഓരോ ബോട്ടിൽ വർക്കും വ്യത്യസ്തമാക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സൃഷ്ടിയുടെ സൂഷ്മമായ പരിപൂർണത നിർബന്ധമാണെന്ന് ഇരുവരും പറയുന്നു. ഓൺലൈൻ പഠനത്തിന് ശേഷമുള്ള സമയം കലയ്ക്കായി നീക്കിവച്ചിരിക്കുകയാണ്. അലീന ഒമ്പതാം ക്ലാസിലും മരിയ അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.