കിഴക്കമ്പലം: ജ്യേഷ്ഠനെ കാണാതെ കല്ല്യാണ പന്തലിലേയ്ക്കില്ലെന്ന പെങ്ങളുടെ വാശിക്കു മുന്നിൽ പിതാവിന് വഴങ്ങുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. മകളുമൊത്ത് മൈലാഞ്ചി കല്ല്യാണത്തിനു നിസാർ ഇബ്രാഹിം മകന്റെ ക്വാറന്റൈയിൻ കേന്ദ്രത്തിനു മുന്നിലെത്തി. അകലങ്ങളിൽ നിന്ന് ആങ്ങളയും പെങ്ങളും കൈ കൊടുത്തു. ഇക്കാക്കയുണ്ട് കൂടെ നീ ചെല്ലൂ..... എന്ന മറുപടി കേട്ടതോടെ ,കരഞ്ഞു കലങ്ങിയ കണ്ണുമായി പെങ്ങൾ കല്ല്യാണ പന്തലിലേയ്ക്ക് മടങ്ങി. കുന്നത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിമിന്റെ മകൾ അമീനയുടെ വിവാഹമായിരുന്നു ഇന്നലെ. മകൻ അമൻ നിസാർ ലണ്ടനിൽ സ്പോർട്സ് ബിസിനസ് പഠനത്തിലായിരുന്നു. മകന്റെ വരവുറപ്പാക്കിയാണ് വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ 20 ന് നാട്ടിലേയ്ക്ക് പോരാനായി നേരത്തെ തന്നെ ടിക്കറ്റുമെടുത്തു. എന്നാൽ കൊവിഡ് പ്രതീക്ഷകളൊക്കെ മാറ്റി മറിച്ചു, ടിക്കറ്റ് 30 ലേയ്ക്ക് മാറി. ഇതോടെ നാട്ടിലെത്തിയത് കഴിഞ്ഞ ഒന്നിനാണ്. ക്വാറന്റൈനിലുമായി. വിവാഹം കൊവിഡ് നിബന്ധനകളോടെ മാറ്റമില്ലാതെ നടത്താനും തീരുമാനിച്ചു. തുടർന്നാണ് വിവാഹ തലേന്നുള്ള മൈലാഞ്ചി കല്ല്യാണത്തിനു മുന്നേ മണവാട്ടി ക്വാറന്റൈയിൻ കേന്ദ്രത്തിനു മുന്നിലെത്തി സഹോദരന്റെ അനുഗ്രഹം വാങ്ങിയത്. കൊവിഡു കാലത്തെ കല്ല്യാണം വ്യത്യസ്തതകൾ കൊണ്ട് എന്നും ഓർമ്മയിൽ നില്ക്കുന്ന ഒന്നായി മാറുന്ന മുഹൂർത്തങ്ങളാണ് ഓരോരുത്തർക്കും. കാക്കനാട് ഇടച്ചിറയിൽ ഷാനാ മൻസിലിൽ അബ്ദുവിന്റെ മകൻ ആൻസിഫാണ് അമാനയെ മിന്നു കെട്ടിയത്.