ആലുവ: റൂറൽ ജില്ലയിൽ സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും നിരീക്ഷിക്കുന്നതിന് ആധുനിക സംവിധാനത്തിൽ ക്രൈം ഡ്രൈവ് ആപ്ളിക്കേഷൻ വരുന്നു. നിലവിൽ പൊലീസ് ഉദ്യോഗസ്ഥർ ഇവരുടെ വിലാസത്തിൽ നേരിട്ട് ചെന്ന് പരിശോധിച്ച് വിവരങ്ങൾ തിരക്കി സ്റ്റേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തുകയാണ് പതിവ്.എന്നാൽ പുതിയ സംവിധാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതികളുടെ വിലാസത്തിൽ ചെന്ന് കണ്ട് അവരുടെ ഫോട്ടോയും, നിലവിലെ വിവരങ്ങളും തിരക്കി അവ ക്രൈം ഡ്രൈവ് എന്ന ആപ്ലിക്കേഷനിൽ അവിടെവെച്ച് തന്നെ അപലോഡ് ചെയ്യും. ഇതു വഴി ഇവരുടെ ലോക്കേഷനടക്കമുള്ള വിശദവിവരങ്ങൾ ക്രൈം ഡ്രൈവ് വഴി മറ്റ് ഉദ്യോഗസ്ഥർക്കും ലഭ്യമാകും.കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ക്രൈം സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനാകും.

#ക്രൈം ഡ്രൈവ് ആപ്പ്

ഡിജിറ്റൽ ചെക്കിംഗ് സംവിധാനം ക്രൈം ഡ്രൈവിലൂടെ സാധ്യമാകും. ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.കൃത്യമായ മോണിട്ടറിംഗിനും ക്രൈം ഡ്രൈവ് ഉപകരിക്കും. കേസന്വേഷണത്തിനും, കുറ്റവാളിളെ വേഗത്തിൽ പിടികൂടുന്നതിനും, സ്ഥിരം കുറ്റവാളികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ഈ സംവിധാനം സഹായകരമാണെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.