ആലുവ: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ എസ്.ഡി.പി.ഐ പ്രവർത്തകരായ മാറമ്പിള്ളി കൈപ്പൂരിക്കര പാറക്കൽ വീട്ടിൽ ഷെഫീക്ക് ഹുസൈനാർ (33), ചെങ്ങമനാട് പറമ്പയം എളമനവീട്ടിൽ ഫൈസൽ ഹൈദരാലി (32) എന്നിവരെ ആലുവ കോടതി റിമാൻഡ് ചെയ്തു. കേസിൽ മൂന്ന് പേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അന്വേഷണ സംഘത്തലവൻ ആലുവ ഡിവൈ.എസ്.പി ജി. വേണു 'കേരളകൗമുദി'യോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അത്താണി ഭാഗത്തുനിന്നാണ് രണ്ട് പേരെ പിടികൂടിയത്. കഴിഞ്ഞമാസം 16ന് ആലുവ യു.സി കോളേജിന് സമീപം വച്ച് കുട്ടമശേരി ചാലക്കൽ കൊല്ലംകുടി വീട്ടിൽ കെ.വി. രാജന്റെ മകൻ രജിത്തിനെയാണ് (36) മുഖം മറച്ചെത്തിയ സംഘം വധിക്കാൻ ശ്രമിച്ചത്. എട്ട് പേർ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ അഞ്ച് പേരുടെ പങ്കാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം നടന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ സംഘപരിവാര സംഘടനകളുടെ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് രണ്ട് പേർ പൊലീസ് പിടിയിലായത്. മാത്രമല്ല, അടുത്തിടെ റൂറൽ ജില്ലയിൽ നടന്ന അക്രമണങ്ങളിൽ പ്രതികളെ പിടികൂടാതെ പൊലീസ് കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു. പ്രതികളെ പിടികൂടാത്തതിനെതിരെ ലോക്ക് ഡൗൺ ലംഘിച്ച് എസ്.പി ഓഫീസ് മാർച്ച് ഉൾപ്പെടെ നടത്താൻ സംഘപരിവാര സംഘടനകൾ തീരുമാനിച്ചിരുന്നു.