കൊച്ചി: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എൽ.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത സി.പി.എം.സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ കേരള ജനതയോട് മാപ്പു പറയുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡൻറ് കെ.വി. ധനപാലൻ ആവശ്യപ്പെട്ടു
യു.ഡി.എഫ് ഭരണകാലത്ത് കെ.എം. മാണിയെ ബാർ കോഴ കേസിന്റെ പേരിൽ നിയമസഭക്കകത്ത് അക്രമിക്കാനൊരുങ്ങുകയും ബഡ്‌ജറ്റ് അവതരണം അലങ്കോലപ്പെടുത്തുകയും ഭരണഘടനാപരമായ ചുമതല നിർവഹിക്കാൻ അനുവദിക്കാതെ സ്പീക്കറുടെ ഇരിപ്പിടം പോലും തകർക്കുകയും ചെയ്ത സി.പി.എമ്മാണ് ഇപ്പോൾ ജോസ് കെ.മാണി വിഭാഗത്തിന് സൽസ്വഭാവ സർട്ടിഫിക്കറ്റ് നൽകി മുന്നണിയിലേക്കു ക്ഷണിച്ചത്.
ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ്.വിടുകയോ പുറത്താക്കുകയോ ചെയ്തിട്ടില്ല. പാർട്ടിയിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്.
അഴിമതിയും കെടുകാര്യസ്ഥതയും ഇടതു സർക്കാരിനെ ജനങ്ങളിൽ നിന്നകറ്റി. ഭരണ തുടർച്ചയെന്ന സി.പി.എം മോഹം നടപ്പാക്കാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുകയെന്ന തന്ത്രം ആവർത്തിക്കാനുള്ള ശ്രമമാണ് കൊടിയേരിയുടേതെന്ന് ധനപാലൻ പ്രസ്താവനയിൽ പറഞ്ഞു.