ration

കൊച്ചി: കൊവിഡ് കാലത്തും സംസ്ഥാനത്ത് റേഷൻ വാങ്ങാതെ അര ലക്ഷത്തിലേറെ കുടുംബങ്ങൾ. അനർഹമായി പട്ടികയിൽ കയറിക്കൂടിയതായി കരുതുന്ന ഇവരെ മുൻഗണനാ, സബ്സിഡി വിഭാഗങ്ങളിൽ നിന്ന് വെട്ടിമാറ്റും.

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ,50,459 കാർഡുടമകൾ കഴിഞ്ഞ മൂന്നു മാസമായി റേഷൻ വാങ്ങിയിട്ടില്ല. ഇവരെ ഒഴിവാക്കി പകരം അത്രയും അർഹർക്ക് മുൻഗണനാ കാർഡുകൾ നൽകാനാണ് തീരുമാനം. ഒഴിവാക്കുന്നവരുടെ പേര് വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പരാതിയുമായി 15 ദിവസത്തിനുള്ളിൽ ആരുമെത്തിയില്ലെങ്കിൽ മുൻഗണനാവാഭാഗത്തിൽ നിന്നൊഴിവാക്കും.മുൻഗണാനാ വിഭാഗത്തിൽ 43,248 പേരും അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ 4,936 പേരും സംസ്ഥാന മുൻഗണനാ വിഭാഗത്തിൽ 2,275 പേരുമാണുള്ളത്..മുൻഗണനാ വിഭാഗങ്ങളിലെ അനർഹരെ കണ്ടെത്താൻ സിവിൽ സപ്ലൈസ് ഡയറക്ടർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. അനർഹമായി റേഷൻ കൈപ്പറ്റിയവർക്കെതിരെ പിഴയ്ക്കൊപ്പം നിയമ നടപടികളും സ്വീകരിക്കും.

''അനർഹമായി മുൻഗണനാ വിഭാഗത്തിന്റെ കാർഡ് വച്ച് റേഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ മന്ത്രി പി. തിലോത്തമന് കൈമാറും. അർഹരെ ഉൾപ്പെടുത്താൻ സർക്കാർ നടത്തുന്ന പരിശോധനകളോട് സഹകരിക്കും.''

-എൻ.ഷിജീർ

ഓർഗനൈസിംഗ് സെക്രട്ടറി

റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.

റേഷൻ വാങ്ങാത്തവർ

(ജില്ല, മുൻഗണന, അന്ത്യോദയ അന്നയോജന, സർക്കാർ സബ്സിഡി )


തിരുവനന്തപുരം -6530, 629, 97
കൊല്ലം - 5496, 420, 7
പത്തനംതിട്ട -2073, 249, 1
ആലപ്പുഴ - 3237, 473, 13
കോട്ടയം -2491, 315 , 1
ഇടുക്കി -3220, 417, 607
എറണാകുളം - 6176, 464, 219
തൃശൂർ - 3745, 553, 17
പാലക്കാട് - 4181, 623, 48
മലപ്പുറം -1647, 175, 504
കോഴിക്കോട് -1828, 94, 7
വയനാട് - 598, 292, 1
കണ്ണൂർ -1101, 138, 652
കാസർകോട് -925, 94, 101
ആകെ -43248, 4936, 2275