കൊച്ചി: ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റീബിൽഡ് കേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന ആസ്റ്റർ ഹോംസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് റോട്ടറി ഡിസ്ട്രിക്ട് 3201 മായി ധാരണാപത്രം ഒപ്പുവച്ചു.

രണ്ടാംഘട്ടത്തിൽ നിർമിക്കുന്ന 150 വീടുകളിൽ 100 വീടുകളാണ് റോട്ടറിയുമായി ചേർന്ന് നിർമ്മിക്കുക. യെസ് ഷെൽട്ടർ പ്രോജക്ട് ജില്ലാ കോ ഓർഡിനേറ്റർ വൈസ് അഡ്മിറൽ എം.പി. മുരളീധരന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിം, റോട്ടറി ഗവർണർ ജോസ് ചാക്കോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

100 വീടുകളിൽ 40 എണ്ണം സംഭാവനയായി ലഭിച്ച ഭൂമിയിലാണ് നിർമ്മിക്കുക. 60 വ്യക്തിഗത വീടുകൾ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നിർമ്മിക്കും. റീബിൽഡ് കേരളക്ക് കീഴിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ ആദ്യഘട്ടത്തിൽ 100 വീടുകളിൽ 75 എണ്ണം റോട്ടറിയുമായി ചേർന്നാണ് നിർമ്മിച്ചത്.

ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗ് വഴി ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പൻ പങ്കെടുത്തു. ഒരു വർഷത്തിനകം അർഹരായവർക്ക് വീടുകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.