byapss
ആലുവ ബൈപ്പാസിൽ മെട്രോ സ്റ്റേഷന് മുമ്പിൽ മാർക്കറ്റിലേക്കുള്ള സഞ്ചാരം തടസപ്പെടുത്തിരിക്കുന്നു

ആലുവ: കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് ആലുവ നഗരത്തിൽ ഇന്നലെ ഹർത്താൽ പ്രതീതിയായിരുന്നു. നഗരത്തിലെ ചുരുക്കം കടകൾ മാത്രമാണ് തുറന്നത്. മാത്രമല്ല, നിരത്തിൽ വാഹനങ്ങളും കുറവായിരുന്നു.മാർക്കറ്റ് - മെട്രോ സ്റ്റേഷൻ ഭാഗത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഉളിയന്നൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സാന്നിദ്ധ്യം മാർക്കറ്റിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അനുമാനിക്കുന്നത്.രോഗവ്യാപനം തടയുന്നതിന് ഏത് തരത്തിലും നടപടികൾക്കും നഗരസഭ തയ്യാറാണെന്നാണ് ചെയർപേഴ്സൺ ലിസി എബ്രഹാം പറയുന്നത്.

#ആലുവ മാർക്കറ്റ് പൂർണം

ആലുവ മാർക്കറ്റ് അടച്ചതിനാൽ ഈ ഭാഗമെല്ലാം പൂർണമായി കാലിയാണ്. കാൽനട യാത്രക്കാർ ആരുമില്ല. മാർക്കറ്റിന് പിന്നിൽ പുഴക്ക് അക്കരെ ഉളിയന്നൂർ ഗ്രമമാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതെങ്കിലും രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ആലുവ മാർക്കറ്റും പരിസരവും അടക്കുകയായിരുന്നു. മാർക്കറ്റിലേക്കുള്ള പ്രവേശന കവാടമായ ബൈപ്പാസ്, പുളിഞ്ചോട്, ബൈപ്പാസ് അണ്ടർപാസ്, ജനറൽ മാർക്കറ്റ് എന്നീ ഭാഗങ്ങളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് ഗതാഗതവും കാൽനട യാത്രയുമെല്ലാം നിരോധിച്ചു.

# അടിയന്തര യോഗം ഇന്ന്

ആലുവ മാർക്കറ്റ് കർശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ ഇന്ന് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ സാന്നിദ്ധ്യത്തിൽ യോഗം നടക്കും. അൻവർ സാദത്ത് എം.എൽ.എ മുൻകൈയെടുത്താണ് യോഗം വിളിച്ചത്. രാവിലെ പത്തിന് ആലുവ പാലസിൽ നടക്കുന്ന യോഗത്തിൽ നഗരസഭ, പൊലീസ്, ആരോഗ്യവകുപ്പ്, തൊഴിലാളി, മുതലാളി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. സാമൂഹ്യ അകലം പാലിക്കുന്നതിനായി എല്ലാ വിഭാഗത്തിൽ നിന്നും ഒരാളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.