പറവൂർ: വൈദിക വിദ്യാർത്ഥിക്ക് കൊവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ പറവൂർ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇയാൾ താമസിക്കുന്ന ഏട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ നഗരത്തിലെ പതിനാല് വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കും. വരാപ്പുഴയിലെ ദന്താശുപത്രിയും രൂപങ്ങൾ വിൽക്കുന്ന കടയും കച്ചേരിപ്പടി പള്ളിയിലെ കമ്മിറ്റിയിലും കുർബാനയിലും പങ്കെടുത്തു. ജൂൺ 26 ന് കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴയിലേക്കും തിരിച്ചും യാത്ര ചെയ്തു. സമ്പർക്കപട്ടിക തയാറാക്കിവരികയാണ്. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തഹസിൽദാർ എം.എച്ച്. ഹരീഷിന്റേയും നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിലിന്റേയും നേതൃത്വത്തിൽ നഗരസഭ, റവന്യു, ആരോഗ്യവകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, അധികൃതർ യോഗം ചേർന്നാണ് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്.

#നിയന്ത്രണങ്ങൾ ഇന്ന് മുതൽ

കർശന നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.രാവിലെ പതിനൊന്നിന് നഗരസഭ കൗൺസിൽ ഹാളിൽ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കൃത്യമായ കാരണം കാണിച്ചാലേ പുറത്തുള്ളവർക്ക് വാർഡിലേക്ക് പ്രവേശനം അനുവദിക്കൂ.

നടപടി എടുക്കും

മാസ്ക് ധരിക്കാത്തവർക്കും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കും. നഗരത്തിലെ എല്ലാ കടകളിലും എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. അല്ലാത്തവർക്കെതിരെ നടപടിയുണ്ടാകും.

#എട്ടാം വാർഡ് കണ്ടെയ്മെന്റ് സോൺ

പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ ചേന്ദമംഗലം കവലയ്ക്കു കിഴക്കുവശമുള്ള സി.സി ടവർ വരെ പ്രധാന റോഡിന്റെ വടക്കുഭാഗമാണ് എട്ടാം വാർഡ്. ഇങ്ങോട്ട് സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തുള്ള ജനത റോഡിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ നിരീക്ഷണം ഏർപ്പെടുത്തും. കണ്ടെയ്മെന്റ് സോണിൽപ്പെടുന്ന മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ക്ലിനിക്കുകളും ഒരാഴ്ചത്തേക്ക് അടച്ചിടും.സോണിന്റെ പരിധിയിൽ വരുന്ന സ്വകാര്യ ബസ് സ്റ്റാൻഡ് താൽക്കാലികമായി ലിമിറ്റഡ് സ്റ്റോപ് സ്റ്റാൻഡിലേക്കു മാറ്റി. കണ്ടെയ്ൻമെന്റ് സോണിലെ താമസക്കാർക്ക് ആവശ്യമായ സാധനങ്ങൾ അറിയിക്കുന്ന മുറയ്ക്കു പ്രവേശന സ്ഥലത്ത് എത്തിച്ചുകൊടുക്കും.